ഉൗട്ടിയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം
1454372
Thursday, September 19, 2024 5:42 AM IST
ഗൂഡല്ലൂർ: ഉൗട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം. കേരളത്തിൽനിന്നുള്ള നൂറുകണക്കിന് സഞ്ചാരികളാണ് ഉൗട്ടിയിലെത്തുന്നത്. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ് എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സഞ്ചാരികളുടെ ബാഹുല്യംമൂലം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
കൃഷി, ടൂറിസം വകുപ്പുകൾക്കു കീഴിലാണ് സസ്യോദ്യാനവും റോസ് ഗാർഡനും പ്രവർത്തിക്കുന്നത്. വിവിധ വർണങ്ങളിലുള്ള പൂക്കളുടെ ശേഖരം ഇവിടങ്ങളിലുണ്ട്. രാജ്യത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ നൂറ്റാണ്ടുകൾ മുന്പ് ഇടം നേടിയതാണ് ഉൗട്ടി. രണ്ടാം സീസണാണ് ഇപ്പോൾ നടക്കുന്നത്.
തമിഴ്നാട് ഗവർണറുടെ വേനൽക്കാല വസതിയോട് ചേർന്നുള്ള സസ്യോദ്യാനത്തിൽ പത്തേക്കർ പച്ചപ്പുൽ മൈതാനമാണ്. 1847-ൽ വില്യം ഗ്രഹാം മാക്ഐവറാണ് സസ്യോദ്യാനം സ്ഥാപിച്ചത്.
1896ലായിരുന്നു സസ്യോദ്യാനത്തിൽ ആദ്യ പുഷ്പമേള. വിദേശരാജ്യങ്ങളിൽനിന്നുള്ളതടക്കം വിവിധം ഇനം പൂച്ചെടികൾ സസ്യോദ്യാനത്തിലുണ്ട്. ജർബറ, ലില്ലിയം, ഡാലിയ, കാർണീഷ്യം, മാരിഗോൾഡ് തുടങ്ങിയ ഇനങ്ങൾ ഇതിൽ പ്രധാനപ്പെട്ടതാണ്.