ബത്തേരി-കോളിമൂല-അയ്യൻകൊല്ലി ബസ് സർവീസ് നിർത്തലാക്കിയത് യാത്രക്കാർക്കു ദുരിതമായി
1454369
Thursday, September 19, 2024 5:41 AM IST
സുൽത്താൻ ബത്തേരി: കോളിമൂല വഴി തമിഴ്നാട്ടിലെ അയ്യൻകൊല്ലിയിലേക്കുള്ള ബസ് സർവീസ് കെഎസ്ആർടിസി നിർത്തലാക്കിയത് യാത്രക്കാർക്ക് ദുരിതമായി. ഭേദപ്പെട്ട കളക്ഷൻ ഉണ്ടായിരിക്കേയാണ് സർവീസ് നിർത്തലാക്കിയതെന്നു കോളിമൂല നിവാസികൾ പറയുന്നു.
ബത്തേരിയിൽനിന്നു ചുള്ളിയോട് അഞ്ചാംമൈൽ, കുറുക്കൻകുന്ന്, കോളിമൂല, മാങ്ങോട് വഴിയാണ് ബസ് അയ്യൻകൊല്ലിയിൽ എത്തിയിരുന്നത്. തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലുള്ളവർക്ക് ബത്തേരിയുമായി ബന്ധപ്പെടാൻ ഈ സർവീസ് സഹായകമായിരുന്നു.
ബത്തേരിയിൽനിന്ന് സ്വകാര്യ ബസും മാങ്ങോട് വഴി ഓടിയിരുന്നു. അന്തർസംസ്ഥാന പെർമിറ്റിന്റെ നൂലാമാലകൾ പറഞ്ഞ് ഗൂഡല്ലൂർ ആർടിഒ ഈ സർവീസ് തടയുകയാണുണ്ടായത്. ചുള്ളിയോടുനിന്നു കോളിമൂല, മാങ്ങോട്, അന്പലമൂല പ്രദേശങ്ങളിലേക്ക് പോകേണ്ടവർ ഇപ്പോൾ ഗതികേടിലാണ്.
നാലുവർഷം മുൻപുവരെചുള്ളിയോടുനിന്നും കോളിമൂല കവല വരെ ടാക്സി ജീപ്പുകൾ ലോക്കൽ സർവീസ് നടത്തിയിരുന്നു. കെഎസ്ആർടിസി സർവീസ് തുടങ്ങിയതോടെ ജീപ്പ് സർവീസ് നിലച്ചു.
കെഎസ്ആർടിസി ബസ് ഓട്ടം നിർത്തിയെങ്കിലും ജീപ്പ് സർവീസ് പുനരാരംഭിച്ചില്ല.കെഎസ്ആർടിസി സർവീസ് വീണ്ടും തുടങ്ങുന്നതിന് അധികൃതരിൽ സമ്മർദം ചെലുത്താനുള്ള ഒരുക്കത്തിലാണ് കോളമൂലയിലും പരിസരങ്ങളിലുമുള്ളവർ.