സന്പൂർണ ജല ബജറ്റ് ജില്ലയായി വയനാട്
1454368
Thursday, September 19, 2024 5:41 AM IST
കൽപ്പറ്റ: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജല ബജറ്റ് പൂർത്തീകരിച്ച ജില്ലയായി വയനാട്. ഹരിത കേരളം മിഷന്റെ റിസോഴ്സ്പേർസണ്മാരും തദ്ദേശസ്ഥാപനതല വോളണ്ടിയർമാരും വിവിധ വകുപ്പുകളിൽനിന്നും ഫീൽഡ് പ്രവർത്തനങ്ങളിലൂടെയും ഓരോ തദ്ദേശസ്ഥാപനത്തിലെയും ജല ലഭ്യതയും വിനിയോഗവും സംബന്ധിച്ച വിവരശേഖരണം നടത്തിയാണ് ജല ബജറ്റ് പ്രവർത്തനങ്ങൾപൂർത്തിയാക്കിയത്.
ഒരു പ്രദേശത്തെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകമാണ് ജല ബജറ്റ്. കൃഷി, മൃഗസംരക്ഷണം, ഗാർഹികം, വ്യവസായികം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്ക് സഹായകമായ അടിസ്ഥാന രേഖയായാണ് ജല ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു പ്രദേശത്തെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കാനും ജല ബജറ്റ് വഴി സാധിക്കും.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലലഭ്യത കൂടുതലായതിനാൽ ഇവയുടെ സംഭരണം, വിനിയോഗം എന്നിവയ്ക്കു തുടർപ്രവർത്തനം ആസൂത്രണം ചെയ്തു നടപ്പാക്കും.
മുഴുവൻ പൊതു ജലസ്രോതസുകളും പുനരുജ്ജീവിപ്പിച്ച് സംരക്ഷണ സംവിധാനങ്ങൾ ഒരുക്കി ജലസംഭരണം ഉറപ്പാക്കും.
ഇതിനു തൊഴിലുറപ്പ് പദ്ധതിയുടെയും മറ്റ് നിർവഹണ വകുപ്പുകളുടെയും സഹകരണം പ്രയോജനപ്പെടുത്തും. ഹരിതകേരളം മിഷന്റെ മാപ്പത്തോണ് പദ്ധതിയിലൂടെ മാപ്പിംഗ് പൂർത്തീകരിച്ച് നീർച്ചലുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളിൽ മൈക്രോ ഇറിഗേഷൻ സ്കീമുകൾ വ്യാപിപ്പിക്കും.
സുരക്ഷിതമാക്കാം പശ്ചിമഘട്ടം, കബനിക്കായി വയനാട് കാന്പയിനുകളിലൂടെ മറ്റ് ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. കാർഷിക മേഖലയിലുള്ള വിളകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിന് ജല ബജറ്റ് സഹായകരമാവും. തരിശ് ഇടങ്ങൾ കൃഷി യോഗ്യമാക്കുന്നതിന് പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യും. സുൽത്താൻ ബത്തേരി ബ്ലോക്കിൽ ജല ബജറ്റിന്റെ ഭാഗമായി പ്രത്യേക ജല നയം രൂപീകരിക്കും.
കോഴിക്കോടുള്ള ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സാങ്കേതിക സഹായമാണ് ജല ബജറ്റ് തയാറാക്കാൻ ഉപയോഗിച്ചത്. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും നാല് ബ്ലോക്കുകളിലുമാണ് ജല ബജറ്റ് പൂർത്തിയാക്കിയത്.
ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും കണക്കുകൾ പ്രകാരം ജലം മിച്ചമാണ്. സംസ്ഥാനതലത്തിൽ ജല ബജറ്റ് പൈലറ്റായി നടപ്പിലാക്കുന്നതിന് ജില്ലയിലെ മുട്ടിൽ പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ജല ബജറ്റ് പൂർത്തീകരിച്ച ആദ്യ പഞ്ചായത്ത് മുട്ടിലാണ്.
തിരുവനന്തപുരത്ത് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മുട്ടിൽ പഞ്ചായത്തിന്റെ ജല ബജറ്റ് പ്രകാശനം ചെയ്തത്. തുടർന്ന് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.