ന്യൂനപക്ഷ യുവജനങ്ങൾക്ക് തൊഴിൽ; സംസ്ഥാനതല ഉദ്ഘാടനം 19 ന്
1453278
Saturday, September 14, 2024 5:27 AM IST
കൽപ്പറ്റ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി 18നും 50നും ഇടയിൽ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രജിസ്ട്രേഷൻ ക്യാന്പ് സംഘടിപ്പിക്കുന്നു.
ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ 19 ന് കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നിർവഹിക്കും.
പരിപാടിയിൽ പട്ടികജാതി-പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു മുഖ്യാതിഥിയാകും. കമ്മീഷൻ ചെയർമാൻ എ.എ. റഷീദ് അധ്യക്ഷത വഹിക്കും. എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ,
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ, കമ്മീഷൻ അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും. പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക് 19 ന് രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ നടത്താം.