തമിഴ്നാട് കോണ്‍ഗ്രസ് ദുരിതാശ്വാസ സാധനങ്ങൾ കൈമാറി
1453277
Saturday, September 14, 2024 5:27 AM IST
കൽപ്പറ്റ: മുണ്ടക്കൈ ദുരിതബാധിതർക്കും പ്രളയബാധിതർക്കും ആശ്വാസമേകാൻ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹായസംഭരണ കേന്ദ്രത്തിലേക്ക് തമിഴ്നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ദുരിതാശ്വാസ സാധനങ്ങൾ എത്തിച്ചുനൽകി.
മുണ്ടക്കൈ ഉരുൾപ്പൊട്ടലിലും മഴക്കെടുതിയിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്കും വിവിധ ക്യാന്പുകളിൽ കഴിഞ്ഞവർക്കും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സഹായങ്ങൾ നേരത്തെ എത്തിച്ചുനൽകിയിരുന്നു. അതിലേക്ക് തമിഴ്നാട് കോണ്‍ഗ്രസിന്റെ സഹായം ലഭിച്ചിരുന്നെങ്കിലും ദുരിതമനുഭവിക്കുന്ന വയനാടൻ ജനതക്ക് അതിന്റെ തുടർച്ചയായി ഇപ്പോഴും ഇവർ സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഇവരുടെ സംഭാവനയായി ലഭിച്ച സാധനങ്ങൾ എത്രയുംപെട്ടെന്ന് തന്നെ കിറ്റുകളാക്കി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെൽവപെരുന്തഗൈ എംഎൽഎ അയച്ച സാധനങ്ങൾ എഐസിസി സെക്രട്ടറി ദളപതി ഭാസ്കറിൽ നിന്നും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഏറ്റുവാങ്ങി.
എൻ.എ. അഷ്റഫ്, ഒ.വി. അപ്പച്ചൻ, ബിനു തോമസ്, എം.കെ. രവി, അനീഷ്, അസീസ്, ജോയ് തൊട്ടിത്തറ, എം.ഒ. ദേവസ്യ, ഷിജു ഗോപാലൻ, രവീന്ദ്രൻ അന്പലക്കുന്നിൽ, നൗഫൽ, ഷൈജു, നന്ദീഷ്, നിഷീദ്, നിഷ, ശാന്തമ്മ തോമസ്, ഷിബിന എന്നിവർ സംബന്ധിച്ചു.