തലപ്പുഴ മരം മുറി: കെഎഫ്പിഎസ്എ പ്രതിഷേധക്കൂട്ടായ്മ നടത്തി
1452988
Friday, September 13, 2024 4:48 AM IST
മാനന്തവാടി: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് വയനാട് വനം ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി. തലപ്പുഴയിൽ വേലി നിർമാണത്തിന് മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കുക, മരം മുറിയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുക, വനം വകുപ്പിലെ അവിശുദ്ധ സംഘത്തിനെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി.
സംസ്ഥാന പ്രസിഡന്റ് കെ.എസ്. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. നിജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ദിൻഷ്, വൈസ് പ്രസിഡന്റ് പി. വിനോദ്, ട്രഷറർ കെ. ബീരാൻകുട്ടി, ഉത്തരമേഖലാ സെക്രട്ടറി പി.കെ. ഷിബു, സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. സിനു,
സംസ്ഥാന കൗണ്‍സിലർമാരായ കെ.കെ. സുന്ദരൻ, കെ.പി. ശ്രീജിത്ത്, കെ.പി. അബ്ദുൾ ഗഫൂർ, ജില്ലാ ട്രഷറർ കെ.പി. സജി പ്രസാദ് എന്നിവർ പ്രസംഗിച്ചു. കൂട്ടായ്മക്കുശേഷം ഡിഎഫ്ഒ മാർട്ടിൻ ലോവലുമായി അസോസിയേഷൻ നേതാക്കൾ ചർച്ച നടത്തി. സസ്പെൻഷനിലുള്ള തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരെ സർവീസിൽ തിരിച്ചെടുക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചതായി അസോസിയേഷൻ നേതാക്കൾ പറഞ്ഞു.