വാളത്തൂർ ചീരമട്ടം ക്വാറി : വൈത്തിരി താലൂക്ക് ഓഫീസ് പടിക്കൽ ആക്ഷൻ കമ്മിറ്റി ധർണ ഇന്ന്
1452724
Thursday, September 12, 2024 5:36 AM IST
കൽപ്പറ്റ: വാളത്തൂർ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി ഇന്നു രാവിലെ 11ന് വൈത്തിരി താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തും. ചീരമട്ടത്ത് ക്വാറി പ്രവർത്തിക്കേണ്ട സ്ഥലവുമായി ബന്ധപ്പെട്ട് തഹസിൽദാർ തെറ്റായ വിവരം അടങ്ങിയ റിപ്പോർട്ട് വിവിധ ഓഫീസുകളിലേക്ക് അയച്ചതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ സി.എം. റഹിം അറിയിച്ചു.
ചീരമട്ടത്ത് റെഡ് സോണിലാണ് ക്വാറി ലൈസൻസ് അനുവദിച്ചത്. കരിങ്കൽ ഖനനം നടത്തേണ്ട പ്രദേശത്തിന് 43 മീറ്റർ പരിധിയിൽ വീടുകൾ ഉണ്ട്. എന്നാൽ 50 മീറ്ററിനു പുറത്താണ് വീടുകളെന്നാണ് തഹസിൽദാർ വിവിധ ഓഫീസുകളിൽ ലഭ്യമാക്കിയ റിപ്പോർട്ടിൽ. ഇത് തിരുത്തുന്നതുവരെ ശക്തമായ സമരം തുടരാനാണ് ആക്ഷൻ കമ്മിറ്റി തീരുമാനം.
മൂപ്പൈനാട് പഞ്ചായത്തിലെ 12,13 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ചീരമട്ടം. ഇവിടെ മൂന്നര ഏക്കറിൽ കരിങ്കൽ ഖനനത്തിനു 2021ലാണ് പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് അനുവദിച്ചത്. 2019 ഓഗസ്റ്റ് ഒൻപതിന് മേപ്പാടിക്കടുത്ത് പുത്തുമല പച്ചക്കാട് ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചീരമട്ടം ഉൾപ്പെടുന്ന പ്രദേശം റെഡ് സോണിൽ ഉൾപ്പെടുത്തിയത്.
വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റെഡ് സോണും ബഫർ സോണും തിരിച്ചാണ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഇതുപ്രകാരം മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളുടെ അതിർത്തിക്ക് 500 മീറ്റർ പരിധിയിൽ ഖനനം ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് ഡിഡിഎംഎ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ചീരമട്ടത്ത് കരിങ്കൽ ഖനനത്തിനു അനുവദിച്ച ലൈസൻസ് റദ്ദാക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി (ഡിഡിഎംഎ) ചെയർപേഴ്സണ് മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറിക്ക് 2023 മാർച്ച് അവസാനവാരം നിർദേശം നൽകിയിരുന്നു.
മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ 2022 സെപ്റ്റംബർ 22ലെ കത്ത്, ജില്ലാ ജിയോളജിസ്റ്റിന്റെ ഒക്ടോബർ 29ലെ റിപ്പോർട്ട്, മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറിയുടെ 2023 ജനുവരി ഒന്നിലെ കത്ത്, ജില്ലാ ജിയോളജിസ്റ്റിന്റെ മാർച്ച് 21ലെ കത്ത്, ഡിഡിഎംഎയുടെ 2019 ഓഗസ്റ്റ് 21ലെയും നവംബർ ഏഴിലെയും ഉത്തരവുകൾ, മാർച്ച് 23ലെ യോഗ തീരുമാനം എന്നിവ പരിശോധിച്ചായിരുന്നു നിർദേശം. ഇതിനുസരിച്ച് പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് റദ്ദാക്കിയെങ്കിലും ലൈസൻസി സമർപ്പിച്ച ഹർജിയിൽ ഡിഡിഎംഎ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞു.
ഇതേത്തുടർന്ന് ആക്ഷൻ കമ്മിറ്റി നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. ക്വാറി ലൈസൻസിക്കു അനുകൂലമായ സത്യവാങ്മൂലമാണ് ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അംഗീകരിച്ച അപകട മേഖലയിൽനിന്നു 310 മീറ്റർ അകലെയാണ് ക്വാറിയെന്നും അതിനാൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി നിർദേശത്തിനു നിയമ പ്രാബല്യം ഇല്ലെന്നുമാണ് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചത്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളുടെ അതിർത്തിക്ക് 500 മീറ്റർ പരിധിയിൽ ഖനനം ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് ഡിഡിഎംഎ ഏർപ്പെടുത്തിയ വിലക്ക് 2016ലെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് പ്ലാനിന് അനുസൃതമല്ലെന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2005ലെ ദുരന്ത നിവാരണ നിയമത്തിലെ 31(2), 31(3)(എ), സെക് ഷൻ 71 പ്രകാരം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്ക് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കുമേൽ അധികാരമുണ്ട്. നിയമത്തിലെ സെക്ഷൻ 31 പകാരം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ദുരന്ത നിവാരണ പദ്ധതികളേക്കാൾ സംസ്ഥാന അഥോറിറ്റിയുടെ പദ്ധതികൾക്കാണ് പ്രാമുഖ്യമെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം പൂർണമായും കെട്ടടങ്ങുന്നതിനു മുൻപാണ് തഹസിൽദാരുടെ റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തായത്.