ഡോക്ടറെ ആക്രമിച്ചെന്ന പരാതിയിൽ അഞ്ചു പേർ അറസ്റ്റിൽ
1452476
Wednesday, September 11, 2024 5:29 AM IST
പുൽപ്പള്ളി: സാമൂഹികാരോഗ്യകേന്ദ്രത്തിലെ അസി. സർജൻ ഡോ. അതുൽ സോമനെ ആക്രമിച്ചെന്ന പരാതിയിൽ അഞ്ചു പേർ അറസ്റ്റിൽ. സുരഭിക്കവല പാടത്ത് ദിപീഷ്(36), താന്നിത്തെരുവ് കവളക്കൽ അജി വർഗീസ് (39), കാപ്പിസെറ്റ് വണ്ടാനത്ത് അനൂപ് (34), അമരക്കുനി മന്നാട്ട് ബിനു(38), പെരിക്കല്ലൂർ വേങ്ങത്താനം സജേഷ്(43) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഡോ. അതുൽ സോമന്റെ പരാതിയിലാണ് ഇവർക്കെതിരേ കേസ്. പരാതി ഇങ്ങനെ: കഴിഞ്ഞ ഞായറാഴ്ച രാത്രി 9.15ഓടെ മദ്യലഹരിയിൽ ക്വാർട്ടേഴ്സിൽ ഒരു സംഘം അതിക്രമിച്ചുകയറി. പരിശോധിച്ച് പോലീസ് സ്റ്റേഷനിൽ ഇന്റിമേഷൻ നൽകണമെന്ന് ആവശ്യപ്പെട്ടു.
താൻ അവധിയിലാണെന്നും ആശുപത്രിയിൽനിന്നേ ഇന്റിമേഷൻ നൽകാനാകൂ എന്നും സംഘത്തെ അറിയിച്ചു. ഈ സമയം സംഘാംഗങ്ങൾ ബഹളംവച്ചപ്പോൾ പുറത്തുപോകാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായി സംഘം ആക്രമിക്കുകയായിരുന്നു.
ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു
പുൽപ്പള്ളി: സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ. അതുൽ സോമനെ ക്വാർട്ടേഴ്സിൽ അതിക്രമിച്ചുകയറി മർദിച്ച സംഭവത്തിൽ സ്റ്റാഫ് കൗണ്‍സിൽ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
മെഡിക്കൽ ഓഫീസർ ഡോ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഡോ. അമൽ കൃഷ്ണൻ, ഡോ. അശ്വിൻ, സ്റ്റാഫ് സെക്രട്ടറി വിനോദ്, സീനിയർ നഴ്സിംഗ് ഓഫീസർ ഷിജി സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ പീറ്റർ കെ. ഏബ്രഹാം, ധനുഷ, രമ്യ എന്നിവർ പ്രസംഗിച്ചു.