ജില്ലയിൽ 25 ഗവ. ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരില്ല
1452178
Tuesday, September 10, 2024 5:26 AM IST
കൽപ്പറ്റ: ജില്ലയിൽ 25 ഗവ. ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരുടെ തസ്തിക നാലുമാസമായി ഒഴിഞ്ഞുകിടക്കുന്നു. പാദവാർഷിക പരീക്ഷ പൂർത്തിയാക്കി വിദ്യാലയങ്ങൾ ഓണാവധിക്ക് അടയ്ക്കാറായിട്ടും പ്രധാനാധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പിനു കഴിഞ്ഞില്ല.
പ്രധാനാധ്യാപകന്റെ അഭാവത്തിൽ സ്കൂളുകളിൽ പാഠ്യ-പാഠ്യേതര പരിപാടികൾ, അധ്യാപകരുടെ ക്ലാസുതല പരിശോധന അടക്കം വിദ്യാഭ്യാസ ഗുണനിലവാര പ്രവർത്തനങ്ങൾ, മേളകൾ, അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവന-വേതന കാര്യങ്ങൾ എന്നിവ അവതാളത്തിലാകുകയാണ്. ജില്ലയിൽ 62 ഗവ. ഹൈസ്കൂളുകളാണുള്ളത്.
വിരമിക്കൽ, സ്ഥലംമാറ്റം എന്നിവയാണ് ഇതിൽ 25 എണ്ണത്തിൽ മെയ് മുതൽ പ്രധാനധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനു കാരണം. സ്ഥാപന മേധാവികളായി സ്ഥാനക്കയറ്റത്തിന് അർഹരായ അധ്യാപകരെ അതത് അക്കാദമിക വർഷത്തിന് തൊട്ടുമുന്പുള്ള മാസങ്ങളിൽ കണ്ടെത്തി നടപടികൾ പൂർത്തിയാക്കി ഏപ്രിൽ, മെയ് മാസങ്ങളിൽ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്.
ജൂണിൽ സ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കം പുതിയ പ്രധാനാധ്യാപകന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കാനും പ്രവേശനോത്സവമടക്കം നടത്താനുമാണ് വേനൽ അവധിക്കാലത്ത് നിയമനം പൂർത്തിയാക്കുന്നത്. സ്കൂൾ തലത്തിൽ അക്കാദമിക പ്രവർത്തനങ്ങൾക്കു നേതൃത്വവും ഏകോപനവും നടത്തേണ്ട പ്രധാനധ്യാപകർ ഇല്ലാതെ ഹൈസ്കൂളുകൾ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ ഗുണനിവാരത്തെ ബാധിക്കുമെന്ന് അഭിപ്രായപ്പടുന്നവർ വിദ്യാഭ്യാസരംഗത്തുണ്ട്.
ഇതാദ്യമായാണ് ജില്ലയിൽ ഇത്രയധികം എച്ച്എം തസ്തികകൾ ഒഴിഞ്ഞുകിടിക്കുന്നത്. ഒഴിവുകൾ നികത്തുന്നതിൽ വിദ്യാഭ്യാസ വകുപ്പ് അനാസ്ഥ തുടർന്നാൽ സ്ഥാനക്കയറ്റത്തിനു നടപടികൾ പൂർത്തിയാക്കാനും നിയമനം നടത്താനും കാലതാമസം ഉണ്ടാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.