ജനദ്രോഹ നിയമങ്ങൾ അംഗീകരിക്കില്ല; കത്തോലിക്ക കോണ്ഗ്രസ്
1451988
Monday, September 9, 2024 8:23 AM IST
സുൽത്താൻ ബത്തേരി: ഇഎസ്എയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ബാധകമാക്കുന്ന ജനദ്രോഹ നിയമങ്ങൾ അംഗീകരിക്കില്ലെന്ന് കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ. ഇഎസ്എ വിജ്ഞാപനത്തിനെതിരേ കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപത സമിതി സംഘടിപ്പിച്ച ജാഗ്രതാദിനാചരണം മൂലങ്കാവ് സെന്റ് ജോർജ് ഇടവകയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും സാധാരണക്കാരുടെ ജീവിതോപാധികളെയും ബാധിക്കുന്ന നിയമങ്ങൾ ജനവിരുദ്ധമാണ്. വികസിത രാജ്യങ്ങളും വ്യവസായിക രാജ്യങ്ങളും കാർബണ് തുലിത പരിപാടിയുടെ ഭാഗമായി അവികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ബഹുരാഷ്ട്ര കുത്തകൾക്കുവേണ്ടി വിലയ്ക്കെടുക്കുന്പോൾ തകരുന്നത് കർഷക സമൂഹമാണ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വിദേശ കുത്തകകളിൽനിന്ന് കോടിക്കണക്കിനു രൂപ കൈപ്പറ്റി കപട പരിസ്ഥിതി വാദികളും പ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥരും ജനവിരുദ്ധ നിലപാട് സ്വീകരിച്ച് നാട്ടിലെ സാധാരണക്കാരെ കഷ്ടത്തിലാക്കുകയാണ്. ഇക്കൂട്ടരെ നിലയ്ക്കുനിർത്തണം. സ്വന്തം ഭൂമിയിൽനിന്ന് നിസഹായരായി സ്വയം ഇറങ്ങിപ്പോകുന്ന അവസ്ഥയിലേക്ക് കർഷകരെ എത്തിക്കാനുള്ള ശ്രമമാണ് പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജോണ്സണ് പറഞ്ഞു.
കത്തോലിക്ക കോണ്ഗ്രസ് ബത്തേരി ഫൊറോന പ്രസിഡന്റ് ഡേവി മങ്കുഴ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.അനീഷ് കാട്ടാംകോട്ടിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത ഭാരവാഹികളായ തോമസ് പട്ടമന, മോളി മമ്മൂട്ടിൽ, സ്റ്റീഫൻ അപ്പോഴിപ്പറന്പിൽ, ബാബു കുന്നത്തേട്ട്, ജോസ് പാലാട്ടി, തോമസ് വളയംപിള്ളി എന്നിവർ പ്രസംഗിച്ചു.