അത്തം തുടങ്ങിയിട്ടും പൂവിപണി സജീവമായില്ല
1451375
Saturday, September 7, 2024 5:29 AM IST
സുൽത്താൻ ബത്തേരി: ഇന്ന് അത്തം പിറക്കുന്പോൾ എങ്ങും പൂക്കളമൊരുങ്ങേണ്ടതാണ്. എന്നാൽ പതിവിന് വിപരീതമായി ഇന്ന് എവിടെയും പൂവിപണി സജീവമായില്ല. അത്തത്തിന്റെ തലേന്ന് ഉത്രം നാളിൽ തന്നെ വീട്ടുമുറ്റങ്ങളിലും മറ്റും പൂക്കളമൊരുക്കുന്നതിനായി തയാറെടുപ്പുകൾ നടത്തുമായിരുന്നു.
പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പൂവിൽപനയുമായി കച്ചവടക്കാരും വഴിയോരങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ ഇത്തരത്തിലൊരു കാഴ്ച എങ്ങും കാണാനില്ലായിരുന്നു. ജില്ലയിലെ പൂക്കച്ചവടക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്.
റോഡിന്റെ വശങ്ങളിലുള്ള ഒഴിവ് സ്ഥലങ്ങളിലും കടകളിലുമായിട്ടാണ് കച്ചവടക്കാർ പൂ കച്ചവടം നടത്തി വന്നിരുന്നത്. ആഘോഷം ഇല്ലാതായതോടെ പതിവ് ഇടങ്ങളിൽ പൂകച്ചവടക്കാരുടെ ആരവവും ഇല്ലാതായി. പൂ കച്ചവടവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വന്ന നിരവധി കച്ചവടക്കാരും പ്രതിസന്ധിയിലായി.