ശിശുമലയിലെ ഖനനം നിരോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
1451367
Saturday, September 7, 2024 5:23 AM IST
കൽപ്പറ്റ: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മുള്ളൻകൊല്ലി പഞ്ചായത്തിലെ ശിശുമലയിൽ നടക്കുന്ന ഖനനപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടറിൽനിന്നു അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജു നാഥ് നിർദേശം നൽകി. 11ന് ബത്തേരി ടൗണ്‍ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മുള്ളൻകൊല്ലി പഞ്ചായത്തിലെ 10 മുതൽ 14 വാർഡുകളിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പനമരം ബ്ലോക്ക് പഞ്ചായത്തംഗം പി.ഡി. സജി സമർപ്പിച്ച പരാതിയിലാണ് നടപടി. ജില്ലാ കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ മേധാവി, ഡിഎഫ്ഒ എന്നിവരാണ് കേസിലെ എതിർകക്ഷികൾ. പ്രദേശത്ത് നടക്കുന്ന ഖനനം പരിസ്ഥിതിക്ക് ഭീഷണിയാണെന്ന് പരാതിയിൽ പറയുന്നു.