ജില്ലാ കളക്ടറുടെ ചേന്പറിലെ ആനക്കൊന്പ് : പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി
1451361
Saturday, September 7, 2024 5:23 AM IST
കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ ചേന്പറിൽ ആനക്കൊന്പുകൾ പ്രദർശിപ്പിക്കുന്നതിനെതിരേ സമർപ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചുകൊണ്ടാണ് ജുഡീഷൽ അംഗം കെ. ബൈജുനാഥിന്റെ നടപടി.
1990 ഡിസംബർ 21ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയ്ക്ക് അനുവദിച്ച ആനക്കൊന്പുകളാണ് കളക്ടറുടെ ചേന്പറിൽ പ്രദർശിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിന് 1991 ഓഗസ്റ്റ് 20ലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ 40/91 നന്പർ പ്രകാരം ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ ചേന്പറിൽ ആനക്കൊന്പ് സ്ഥാപിച്ചിട്ട് മുപ്പതോളം വർഷമായെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇത്തരത്തിൽ ആനക്കൊന്പ് പ്രദർശിപ്പിച്ചതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ആരും വന്യജീവികളെ ഉപദ്രവിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വന്യജീവി സംരക്ഷണത്തിന്റെയും വനസന്പത്തിന്റെയും പ്രതീകമാണ് ആനക്കൊന്പുകളെന്നും റിപ്പോർട്ടിലുണ്ട്. വന്യജീവി സംരക്ഷണത്തിന്റെ പ്രതീകമായി ആനക്കൊന്പുകൾ തുടർന്നും ജില്ലാ കളക്ടറുടെ ചേന്പറിൽ സംരക്ഷിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.
ജില്ലയിലെ "എൻ ഊര്' പദ്ധതിയുടെ നിയമനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിലെത്തിയ ആദിവാസി സംഘടന നേതാക്കളെ അധിക്ഷേപിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. പദ്ധതിയുടെ സിഇഒ സ്ഥാനത്തേക്ക് നടന്ന ഇന്റർവ്യുവിനെ തുടർന്ന് തയാറാക്കിയ റാങ്ക് ലിസ്റ്റിൽ ജില്ലാ കളക്ടർ ഇടപെടൽ നടത്തണമെന്ന ആവശ്യം തള്ളിയതു കാരണമാണ് ഇത്തരം ഒരു ആരോപണമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് അയച്ചുകൊടുത്തെങ്കിലും മറുപടി സമർപ്പിച്ചില്ല. പൊതുപ്രവർത്തകനായ വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.