എഐ കാമറകൾ ഇല്ല; പുൽപ്പള്ളി മേഖലയിൽ വാഹനാപകടങ്ങൾ തുടർക്കഥയായി
1450776
Thursday, September 5, 2024 5:15 AM IST
പുൽപ്പള്ളി: വർധിക്കുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷാനിയമങ്ങൾ പാലിക്കുന്നതിനും നിയമലംഘനങ്ങൾ പിടികൂടുന്നതിനും മേഖലയിൽ എഐ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
എഐ ക്യാമറ സ്ഥാപിക്കാത്ത പഞ്ചായത്തുകളാണ് പുൽപ്പള്ളിയും മുള്ളൻകൊല്ലിയും. 10 കിലോമീറ്റർ അകലെ പൂതാടി പഞ്ചായത്തിലെ കേണിച്ചിറയിലും 25 കിലോമീറ്റർ അകലെ ബത്തേരി കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപവുമാണ് പുൽപ്പള്ളിക്കടുത്ത് എഐ കാമറയുള്ളത്. കർണാടകയുമായി അതിർത്തി പങ്കിടുന്ന പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
കഞ്ചാവടക്കം ലഹരിവസ്തുക്കൾ അതിർത്തികടത്തുന്നതിന് വ്യാജ നന്പർ പ്ലേറ്റുകൾ പതിച്ച വാഹനങ്ങളടക്കം ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ഇരുചക്രവാഹനങ്ങൾ അതിവേഗത്തിൽ ഓടിക്കുന്നതുമൂലം നിരവധി അപകടങ്ങളാണ് മേഖലയിലുണ്ടാകുന്നത്. മൂന്നു കോളജുകളുള്ള മേഖലയിൽ കൗമാരക്കാരുടെയും യുവാക്കളുടെയും അതിവേഗത്തിലുള്ള ബൈക്ക് സഞ്ചാരം നാട്ടുകാർക്ക് തലവേദനയാണ്.
ബത്തേരി-പുൽപ്പള്ളി, കാപ്പിസെറ്റ്-പയ്യന്പള്ളി റോഡുകളിൽ മിന്നൽ വേഗത്തിലാണ് യുവാക്കൾ ബൈക്കുകളിൽ പായുന്നത്. പുൽപ്പള്ളിയിൽനിന്നു പെരിക്കല്ലൂർ, ബത്തേരി, ആനപ്പാറ, കാപ്പിസെറ്റ് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ അപകടം പതിവാണ്.
മേഖലയിൽ എഐ കാമറ സ്ഥാപിക്കാത്തത് നിയമലംഘനങ്ങൾക്ക് അനുവാദം നൽകുന്നതിന് തുല്യമാണെന്ന് നാട്ടുകാർ പറയുന്നു. എഐ കാമറകൾ സ്ഥാപിക്കാത്ത സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.