സ്പെഷൽ വയോജന മെഡിക്കൽ ക്യാന്പുകൾക്ക് ജില്ലയിൽ തുടക്കമായി
1450393
Wednesday, September 4, 2024 5:57 AM IST
കൽപ്പറ്റ: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ സ്പെഷൽ വയോജന മെഡിക്കൽ ക്യാന്പുകൾക്ക് ജില്ലയിൽ തുടക്കമായി.
വയോജനങ്ങൾ അനുഭവിക്കുന്ന ശാരീരികാരോഗ്യ പ്രശ്നങ്ങളായ പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം, ഉറക്കക്കുറവ്, മലബന്ധം, ജീവിതശൈലീ രോഗങ്ങളും മാനസിക സാമൂഹികാരോഗ്യവും ആയുഷ് ചികിത്സാ സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിക്കുന്നത്.
നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാഹോമിയോപ്പതി വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ആയുർവേദം, ഹോമിയോപ്പതി, യോഗനാച്ചുറോപ്പതി, സിദ്ധ, യുനാനി വിഭാഗങ്ങളെ ഉൾക്കൊള്ളിച്ചാണ് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ സർക്കാർ ആയുഷ് ആശുപത്രികൾ, ഡിസ്പൻസറികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ, ആയുഷ് പ്രെെമറി ഹെൽത്ത് സെന്ററുകൾ, ട്രൈബൽ ആയുഷ് ഡിസ്പെൻസറികൾ ഉൾപ്പെടെ 74 കേന്ദ്രങ്ങളിലായാണ് മെഡിക്കൽ ക്യാന്പുകൾ സജ്ജമാക്കിയിരിക്കുന്നത്.
വിദഗ്ധ രോഗപരിശോധന, പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, റഫറൽ സംവിധാനം, സൗജന്യ മരുന്ന് വിതരണം, യോഗാക്ലാസുകളും ക്യാന്പുകളിൽ സംഘടിപ്പിക്കും. തുടർചികിത്സ ആവശ്യമായവർക്ക് പ്രാദേശിക ആയുഷ് സ്ഥാപനങ്ങൾ മുഖേന ചികിത്സ ഉറപ്പാക്കും.