ദുരന്ത പ്രദേശങ്ങളും ക്യാന്പുകളും സന്ദർശിച്ച് മന്ത്രി ഡോ. ആർ ബിന്ദു
1443357
Friday, August 9, 2024 5:35 AM IST
കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു സന്ദർശിച്ചു. പ്രദേശങ്ങളിലെ തെരച്ചിൽ സംഘങ്ങളുടെ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. മേപ്പാടി ഗവ ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പും മന്ത്രി സന്ദർശിച്ചു. ദുരിതബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് നാഷണൽ സർവീസ് സ്കീം നൽകുന്ന മൊബൈൽ ഫോണുകൾ മന്ത്രി വിതരണം ചെയ്തു.
മേപ്പാടി ചൂരൽമല സ്വദേശിയായ വിദ്യാർഥി അഭിനന്ദിനെ സന്ദർശിച്ച് സർക്കാരിന്റെ പിന്തുണ അറിയിച്ചു. കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ദുരന്തബാധിത പ്രദേശങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികളെ സഹായിക്കാൻ ആരംഭിച്ച പ്രത്യേക സെൽ സന്ദർശിച്ച മന്ത്രി ആവശ്യമായ നിർദേശങ്ങൾ നൽകി. സർവകലാശാല പ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ദുരന്തത്തിൽ വിദ്യാർഥികൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാര നടപടികൾ ആലോചിക്കാനും ഭിന്നശേഷിവയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി മന്ത്രിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. പട്ടിജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു, സ്പെഷൽ ഓഫീസർ ശീറാം സാംബശിവ റാവു, കോളജ് എജുക്കേഷൻ ഡയറക്ടർ കെ. സുധീർ, സാമൂഹ്യനിധി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശ്,
എൻസിസി കമാൻഡിംഗ് ഓഫീസർ കേണൽ അവിജിത്ത് ദാസ്, എൻഎസ്എസ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ.ആർ.എൻ. അൻസർ, ജില്ലാ സാമൂഹ്യനീതി ഓഫീസറും കൗണ്സലിംഗ് നോഡൽ ഓഫീസറുമായ കെ.കെ. പ്രജിത്ത്, ഒസിബി ചെയർമാൻ അലി അബ്ദുള്ള, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, എൻഎസ്എസ്, എൻസിസി എന്നിവയുടെ ജില്ലാ മേഖലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽപങ്കെടുത്തു.