വന്യമൃഗശല്യം: പനമരത്ത് ഫോറസ്റ്റ് സ്റ്റേഷൻ വേണമെന്ന് കേരള കോണ്ഗ്രസ്-ജേക്കബ്
1437242
Friday, July 19, 2024 5:04 AM IST
കൽപ്പറ്റ: ജില്ലയുടെ മധ്യഭാഗത്തുള്ള പനമരത്ത് ആധുനിക സൗകര്യങ്ങളോടെ ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള കോണ്ഗ്രസ്-ജേക്കബ് സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്റ് പി. പ്രഭാകരൻ നായർ, വൈസ് പ്രസിഡന്റ് ബെന്നി പുൽപ്പള്ളി, സെക്രട്ടറി എ.സി. ടോമി, ട്രഷറർ ഉല്ലാസ് ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പനമരത്തും സമീപ പ്രദേശങ്ങളായ പുഞ്ചവയൽ, നീർവാരം, അമ്മാനി, നെല്ലിയന്പം, കൈതക്കൽ, പരക്കുനി, ചങ്ങാടക്കടവ്, ദാസനക്കര എന്നിവിടങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. ചില ദിവസങ്ങളിൽ ആനകൾ കൂട്ടമായാണ് എത്തുന്നത്. ഇവയെ തുരത്തുന്നതിനും ജനങ്ങൾക്കു സുരക്ഷ ഒരുക്കുന്നതിനും 20 കിലോമീറ്റർ അകലെ വെള്ളമുണ്ടയിൽനിന്നു വനപാലകർ എത്തേണ്ട സ്ഥിതിയാണ്. ആനകൾ ഇറങ്ങിയ വിവരം അറിയിച്ചാൽത്തന്നെ വനസേന എത്താൻ വൈകും. പനമരത്ത് സ്റ്റേഷൻ അനുവദിച്ചാൽ ഈ സ്ഥിതിക്കു മാറ്റമാകും.
വന്യമൃഗശല്യ പ്രതിരോധത്തിന് വയനാടിന് പ്രത്യേക ഫണ്ട് ലഭ്യമാക്കണം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണം. ജില്ലയിൽ ഉപയോഗത്തിന് കൂടുതൽ തുക അനുവദിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. ജില്ലയിൽ പലേടത്തും വനാതിർത്തികളിൽ കാട്ടാന പ്രതിരോധത്തിന് നിർമിച്ച കിടങ്ങുകൾ തകർന്നുകിടക്കുകയാണ്.
വൈദ്യുത വേലികളുടെ അറ്റകുറ്റപ്പണി യഥാസയമം നടക്കുന്നില്ല. മറ്റു പ്രതിരോധ സംവിധാനങ്ങളും കുറ്റമറ്റതല്ല. ഇത് വർധിച്ച കാട്ടാശല്യത്തിന് മുഖ്യകാരണമാണ്. കിടങ്ങുകളുടെയും വൈദ്യുത വേലികളുടെയും അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും ഫണ്ട് ലഭ്യമാക്കണം. വനം വകുപ്പിൽ താഴ്ത്തട്ടുകളിലുള്ള ജീവനക്കാരുടെ കുറവ് നികത്തണം. വനത്തോടുചേർന്നുള്ള അനധികൃത ടൂറിസം സംരംഭങ്ങളുടെ പ്രവർത്തനം തടയണം.
ജില്ലയിൽ റവന്യു ഭൂമിയിലുള്ള കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യം ജില്ലയ്ക്കു പുറത്തുള്ള ക്വാറി ഉടമകൾ മുതലെടുക്കുകയാണ്. കോഴിക്കോട് ഭാഗത്തുനിന്നു ദിവസവും നിരവധി ലോഡ് കരിങ്കല്ലും മെറ്റൽ ഉൾപ്പെടെ ഉത്പന്നങ്ങളും ജില്ലയിലെത്തുന്നുണ്ട്. ടോറസുകളിലാണ് കല്ല് കൊണ്ടുവരുന്നത്. ഇത് താമരശേരി ചുരത്തിൽ പലപ്പോഴും ഗതാഗതപ്രശ്നത്തിന് കാരണമാകുന്നുണ്ട്. ചുരത്തിൽ ടോറസ് ഗതാഗതം നിയന്ത്രിക്കണം.
ജില്ലയിൽ റവന്യു ഭൂമിയിൽ ഉള്ളതിൽ പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിലേത് ഒഴികെ ക്വാറികൾ പ്രവർത്തിപ്പിക്കണം. ക്വാറികളുടെ നടത്തിപ്പ് ഉപാധികളോടെ തദ്ദേശ സ്ഥാപനങ്ങളെ എൽപ്പിക്കണം. നിർമാണങ്ങൾക്കു ആവശ്യമായ കരിങ്കല്ല് ജില്ലയിൽ ഉത്പാദിപ്പിക്കുന്നത് മറ്റിടങ്ങളിൽനിന്നു ക്വാറി ഉത്പന്നങ്ങൾ വൻതോതിൽ കൊണ്ടുവരുന്ന സാഹചര്യം ഒഴിവാക്കും. ജില്ലയിൽ റവന്യു ഭൂമിയിലെ ക്വാറികൾ പ്രവർത്തിപ്പിക്കുന്നത് നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾക്ക് സഹായകമാകുമെന്നും കേരള കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.