മൈക്രോ ക്രെഡിറ്റ്: ശിൽപശാല നടത്തി
1430835
Saturday, June 22, 2024 5:56 AM IST
മാനന്തവാടി: സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ എന്നിവയുടെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പാക്കുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതിയുടെ ഭാഗമായി ശിൽപശാല നടത്തി.
സൊസൈറ്റി ഓഡിറ്റോറിയത്തിൽ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. പിന്നാക്ക വികസന കോർപറേഷൻ പ്രോജക്ട് അസിസ്റ്റന്റ് പി.എസ്. പ്രശോബ്, സീനിയർ അസിസ്റ്റന്റ് യു. ദീപക് എന്നിവർ ക്ലാസെടുത്തു.
സൊസൈറ്റി റീജിയണൽ കോ ഓർഡിനേറ്റർമാരായ ഷീന ആന്റണി, ആലീസ് സിസിൽ, ഷില്ലി ജോസഫ്, ബിൻസി വർഗീസ്, ജിനി ഷിനു എന്നിവർ നേതൃത്വം നൽകി. പദ്ധതിയിൽ 30 സ്വാശ്രയ സംഘങ്ങളിലെ 626 അംഗങ്ങൾക്ക് കുറഞ്ഞ പലിശയിൽ മൂന്ന് കോടി രൂപ വായ്പ നൽകും.
കൃഷി, മൃഗ സംരക്ഷണ മേഖലകളിൽ വരുമാനവർധക പരിപാടികൾക്കു മൂന്ന് വർഷത്തേക്കാണ് വായ്പ. പദ്ധതി രേഖ സൊസൈറ്റി തയാറാക്കും. ഗുണഭോക്താക്കൾക്ക് പരിശീലനവും സാങ്കേതിക സഹായവും ലഭ്യമാക്കും.