കാലവർഷം കനിയുന്നില്ല; പ്രതിസന്ധിയിലായി നഞ്ചകൃഷി
1430627
Friday, June 21, 2024 6:07 AM IST
സുൽത്താൻ ബത്തേരി: തെക്കുപടിഞ്ഞാറൻ കാലവർഷമാരംഭിച്ച് 20ദിവസം പിന്നിടുന്പോൾ വയനാട്ടിൽ 49 ശതമാനം മഴക്കുറവ്. സംസ്ഥാനത്താകെ 46 ശതമാനത്തിന്റെ കുറവുരേഖപ്പെടുത്തി. ജില്ലയിലും പ്രതീക്ഷിച്ച മഴ കിട്ടിയിട്ടില്ല. നഞ്ചകൃഷിക്കായി വയലൊരുക്കേണ്ട സമയത്ത് മഴയില്ലാത്തത് നെൽ കർഷകർ അടക്കമുള്ള കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കി.
പല പാടങ്ങളിലും ജലസേചന സംവിധാനം ഇല്ലാത്തതുമൂലം നഞ്ചകൃഷി വൈകും. മഴയുടെ കുറവുമൂലം തോട്ടങ്ങളിൽ വളപ്രയോഗവും നടക്കുന്നില്ല. കാലവർഷം വൈകുംതോറും കടുത്ത വരൾച്ചയും ജലക്ഷാമവും രൂക്ഷമാകാൻ സാധ്യതയുണ്ട്.
ഇത്തവണ ജൂണ്‍ ഒന്നിനുതന്നെ കാലവർഷമെത്തിയെങ്കിലും ആദ്യദിനങ്ങളിൽ മാത്രമാണ് കാര്യമായ മഴ ലഭിച്ചത്. മണ്‍സൂണ്‍ തുടങ്ങിയശേഷം പത്തുദിവസത്തിലേറെ മഴയൊഴിഞ്ഞ ദിനങ്ങളാണ് കടന്നുപോയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം 311.2 മില്ലീമീറ്റർ മഴപെയ്യേണ്ട സ്ഥാനത്ത് കിട്ടിയത് 159.1 മില്ലീമീറ്റർ മഴയാണ്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴ ശക്തമാകുന്നതാണ് മുൻവർഷങ്ങളിലെ പതിവ്. കൃത്യമായ ഇടവേളകളില്ലാതെ മഴ കനത്തുപെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. കൃഷിനാശത്തിനും കാരണമാകും.