ഇന്ന് ലോക അരിവാൾദിനം; ചികിത്സ കിട്ടാതെ അരിവാൾ രോഗിയായ യുവതി മരിച്ചെന്ന പരാതിയിൽ അന്വേഷണം ഇഴയുന്നു
1430410
Thursday, June 20, 2024 5:51 AM IST
മാനന്തവാടി: ചികിത്സ കിട്ടാതെ അരിവാൾ രോഗിയായ യുവതി മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണം നടത്താതെ അധികൃതർ. വയനാട് മെഡിക്കൽ കോളജിൽ നിന്ന് മകൾ സിന്ധു മതിയായ ചികിത്സ ലഭിച്ചില്ലന്ന് വെള്ളമുണ്ട എടത്തിൽ പട്ടികവർഗ ഊരിലെ ഗീതയുടെ പരാതിയിലാണ് ഇതുവരെ അന്വേഷണം നടക്കാത്തത്. ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടി ഇല്ലാത്തതിനാൽ പട്ടികവർഗ കമ്മീഷനേയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ സിന്ധു ഈ മാസം മൂന്നിനാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് മരിച്ചതെന്ന് ബന്ധുക്കൾ ജില്ല മെഡിക്കൽ ഓഫീസർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. വെള്ളമുണ്ട എടത്തിൽ പട്ടികവർഗ ഊരിലെ സുരേഷിന്റെ ഭാര്യ സിന്ധു (23) കാൽമുട്ടു വേദനയെ തുടർന്നാണ് ഈ മാസം ഒന്നിന് രാവിലെ വയനാട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരിക്കെ മൂന്നിന് രാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. ഉടൻ സിന്ധുവിന്റെ അമ്മ ഗീത ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരോട് കാര്യം പറഞ്ഞെങ്കിലും നഴ്സുമാർ ഗീതയോട് തട്ടിക്കയറുകയാണ് ചെയ്തത്.
ഡോക്ടറെ വിളിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. പിന്നീട് അവശതയിലായതിനെത്തുടർന്നാണ് ഡോക്ടർ എത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിന്ധുവിന്റെ മരണശേഷം നഴ്സുമാരെ ആശുപത്രിയിൽ നിന്ന് കാണാതായി എന്നും ബന്ധുക്കൾ പറയുന്നു. അതേ സമയം അന്വേഷണം നടക്കുന്നതായി ഡിഎംഒ അറിയിച്ചു.