ഇക്കോ ടൂറിസം: ഹൈക്കോടതിയെ വസ്തുത ബാേധ്യപ്പെടുത്താൻ നീക്കം
1430405
Thursday, June 20, 2024 5:51 AM IST
കൽപ്പറ്റ: വയനാട്ടിൽ വനം വകുപ്പിനു കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രവർത്തനം വിലക്കിയ ഹൈക്കോടതി ഉത്തരവ് മറികടക്കുന്നതിന് സൂചിപ്പാറ സംരക്ഷണ സമിതി നീക്കം തുടങ്ങി.
കോടതിയെ വസ്തുത ബോധ്യപ്പെടുത്തി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിനു സാഹചര്യം ഒരുക്കാനാണ് സമിതിയുടെ പദ്ധതിയെന്ന് ചെയർമാൻ ജി. രാജഗോപാലൻ. കണ്വീനർ എ. രാംകുമാർ, ഭാരവാഹികളായ സി. രാഘവൻ, സുകന്യ ആഷിൻ, കെ.എം. തന്പി, പി.വി. ജിജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായി ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രം ജീവനക്കാരുടെ കൂട്ടായ്മ രൂപീകരിക്കും. ടൂറിസം സംരംഭകരുടെ പിന്തുണ ഉറപ്പുവരുത്തും. വനം വകുപ്പിനു കീഴിൽ ജില്ലയിലുള്ള ടൂറിസം കേന്ദ്രങ്ങൾ കഴിഞ്ഞ ഫെബ്രുവരി 19 മുതൽ അടഞ്ഞുകിടക്കുകയാണ്. കുറുവ ഇക്കോ ടൂറിസം സെന്ററിലെ താത്കാലിക ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നു പുൽപ്പള്ളിയിൽ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവച്ചത്.
വയനാട്ടിൽ അടച്ചിട്ടിരിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മറ്റൊരു വിധി ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് മറ്റൊരു കേസ് പരിഗണിക്കവേ ഫെബ്രുവരി 29നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായത്.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതുമൂലം സംരംഭകരടക്കം നേരിടുന്ന വിഷമതകൾ അടുത്തിടെ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ അവസരത്തിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം കുറയ്ക്കുക, സന്പൂർണ പ്ലാസ്റ്റിക് നിരോധനം ബാധകമാക്കുക, ജീവനക്കാർ പരിസ്ഥിതി സംരക്ഷണത്തിനു യോഗ്യരാണെന്ന് ഉറപ്പുവരുത്തുക, ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക എന്നീ നിർദേശങ്ങൾ സർക്കാരിനു നൽകുകയാണ് കോടതി ചെയ്തത്.
ടൂറിസത്തെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങൾ ജില്ലയിലുണ്ട്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നത് ഈ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചെന്ന് സൂചിപ്പാറ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
ഏതാനും വർഷങ്ങൾക്കിടെ ജില്ലയിൽ ടൂറിസം രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായത്. യുനെസ്കോയുടെ ടൂറിസം സൈറ്റിൽ ഒൻപതാം സ്ഥാനത്ത് വയനാടാണ്. പ്രകൃതി സൗന്ദര്യത്തിനു പുകൾപെറ്റ ജില്ലയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സഞ്ചാരികൾ ഒഴുകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചത്.
ടൂറിസം രംഗത്ത് വയനാടിന്റെ മുന്നേറ്റത്തിനു തടയിടാൻ സമീപ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും ഉൾപ്പെടെ തത്പര ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് സംശയിക്കണമെന്ന് സൂചിപ്പാറ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. വയനാടൻ വനങ്ങളിൽ ടൂറിസം പൂർണമായും തടയണമെന്ന ആവശ്യം ചിലർ ഉയർത്തിയിരുന്നു.
ജനവാസകേന്ദ്രങ്ങളിലെ വർധിച്ച വന്യജീവി ശല്യത്തിനു കാരണമായി ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത് ഇക്കോ ടൂറിസം കേന്ദ്രങ്ങളെയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നു പറഞ്ഞ് വർഷങ്ങൾ മുന്പ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിരുന്നു. കേന്ദ്രാനുമതി ലഭിച്ചതിനുശേഷമാണ് ഇവ തുറന്നത്.
നിലവിൽ സംസ്ഥാനത്തെ ഇതര ജില്ലകളിൽ വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സുഗമമായി പ്രവർത്തിക്കുന്നുണ്ട്. എന്നിരിക്കേ വയനാട്ടിലെ ഇക്കോ ടൂറിസത്തോടുള്ള സമീപനം ബന്ധപ്പെട്ടവർ പുനഃപരിശോധിക്കേണ്ടതുണ്ടെന്നു സൂചിപ്പാറ സമിതി ഭാരവാഹികൾ പറഞ്ഞു.