ജപ്തി നടപടി നിർത്തിവയ്ക്കണം: കത്തോലിക്കാ കോണ്ഗ്രസ്
1429954
Monday, June 17, 2024 5:58 AM IST
സുൽത്താൻ ബത്തേരി: ധനകാര്യ സ്ഥാപനങ്ങളുടെ കർഷക വിരുദ്ധ നിലപാടിൽ കത്തോലിക്കാ കോണ്ഗ്രസ് ഫൊറോന സമിതി യോഗം പ്രതിഷേധിച്ചു.
ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 21ന് കൽപ്പറ്റയിൽ ലീഡ് ബാങ്കിന് മുന്നിൽ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. സംഘടനയുടെ മാനന്തവാടി രൂപത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോണ്സണ് തൊഴുത്തുങ്കലിനെയും മറ്റു ഭാരവാഹികളെയും അനുമോദിച്ചു.
ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസത്തെയും അപമാനിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നു വിലയിരുത്തി. മേഖലാ പ്രസിഡന്റ് ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു.
രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ, ഫൊറോനാ വികാരി ഫാ. തോമസ് മണക്കുന്നേൽ, മേഖലാ ഡയറക്ടർ ഫാ. ജോസ് മേച്ചേരിയിൽ, ചാൾസ് വടശേരി, സാജു പുലിക്കോട്ടിൽ, തോമസ് പട്ടമന, മോളി മാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.