നീറ്റ് കുറ്റമറ്റതാക്കണം: ടി. സിദ്ദിഖ് എംഎൽഎ
1429659
Sunday, June 16, 2024 6:16 AM IST
കൽപ്പറ്റ: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് കുറ്റമറ്റതാക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ. നിയോജകമണ്ഡലത്തിലെ എൻഎംഎംഎസ്, യുഎസ്എസ് പരീക്ഷാ വിജയികളെ അനുമോദിക്കുന്നതിന് സ്പാർക്ക് ടീം സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ മത്സരപ്പരീക്ഷയായ നീറ്റ് ഏറ്റവും പ്രധാനപ്പെട്ടതും കൂടുതൽ കുട്ടികൾ എഴുതുന്നതുമാണ്. നീറ്റ് പരീക്ഷയിൽ നടന്നതായി പറയുന്ന കൃത്രിമം ഗൗരവതരവും സംഭവിക്കാൻ പാടില്ലാത്തതുമാണ്.
ദേശീയ പരീക്ഷാ ഏജൻസി(എൻടിഎ)ഏതാനും പേർക്ക് ഗ്രേസ് മാർക്ക് നൽകിയത് ആശങ്കാജനകമാണ്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രസിദ്ധീകരിച്ച ഫലത്തെ സംശയത്തോടെയാണ് വിദ്യാർഥികളും രക്ഷിതാക്കളും കാണുന്നത്. ചോദ്യക്കടലാസ് സജ്ജീകരണം, പരീക്ഷാ നടത്തിപ്പ്, പരീക്ഷാ കേന്ദ്രങ്ങളുടെ നിരീക്ഷണം എന്നിവയിൽ സുതാര്യതയ്ക്കു കോട്ടം ഉണ്ടാകരുതെന്നു എംഎൽഎ ആവശ്യപ്പെട്ടു.
ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് എംഎൽഎ കെയറിന്റെ ഭാഗമായി നടപ്പിലാക്കുന്നതാണ് സ്പാർക്ക് പദ്ധതിയെന്ന് സിദ്ദിഖ് പറഞ്ഞു. എംഎൽഎ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ സ്പാർക്ക് ടീം അംഗം കെ.വി. മനോജ് അധ്യക്ഷത വഹിച്ചു. പി. കബീർ, ഹനീഫ്, എം. സുനിൽ കുമാർ, കെ.ആർ. ബിനീഷ് എന്നിവർ പ്രസംഗിച്ചു.