ക്ഷേത്രത്തിൽ മോഷണം നടത്തിയയാൾ ദിവസങ്ങൾക്കുള്ളിൽ പിടിയിൽ
1425364
Monday, May 27, 2024 7:34 AM IST
കന്പളക്കാട്: ക്ഷേത്രത്തിൽ മോഷണം നടത്തി കടന്ന് കളഞ്ഞയാളെ രണ്ട് ദിവസത്തിനുള്ളിൽ കന്പളക്കാട് പോലീസ് പിടികൂടി. നിരവധി മോഷണ കേസുകളിൽ പ്രതിയായ കുപ്പാടിത്തറ, മുണ്ടക്കുറ്റി, കുന്നത്ത് വീട്ടിൽ അപ്പു എന്ന ഇജിലാൽ(30)നെയാണ് കന്പളക്കാട് പോലീസ് ഞായാറാഴ്ച പുലർച്ചെ മൈസൂരു ബസ്സ്റ്റാൻഡിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൾ പടിഞ്ഞാറത്തറ സ്റ്റേഷനിൽ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചയാളാണ്. പടിഞ്ഞാറത്തറ, കന്പളക്കാട്, മേപ്പാടി സ്റ്റേഷനുകളിലാണ് ഇയാൾക്ക് കേസുകളുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വിളന്പുകണ്ടത്തുള്ള ബദിരൂർ ശ്രീവേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസ് റൂം, തിടപ്പള്ളി സ്റ്റോർ റൂം എന്നിവയുടെ വാതിൽ തകർത്ത് അകത്ത് കയറിയായിരുന്നു മോഷണം. സ്റ്റോർ റൂമിലെ അലമാരയുടെ ലോക്കർ തകർത്ത് 1.950 ഗ്രാം സ്വർണവും ഓഫീസിലെ മേശ തകർത്ത് 1500 ഓളം രൂപയുമാണ് കവർന്നത്. ഡോഗ് സ്ക്വാഡ്, ഫിംഗർപ്രിന്റ് വിദഗ്ധർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.