യൂക്കാലിക്കവല-ഞാറ്റാടി-കല്ലൂർക്കുന്ന് റോഡിൽ നടുവൊടിക്കും യാത്ര
1425354
Monday, May 27, 2024 7:34 AM IST
കേണിച്ചിറ: പൊട്ടിപ്പൊളിഞ്ഞ യൂക്കാലിക്കവല-ഞാറ്റാടി-കല്ലൂർക്കുന്ന് റോഡിൽ നടുവൊടിക്കും യാത്ര. മീനങ്ങാടി, പൂതാടി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന റോഡാണ് തകർന്നുകിടക്കുന്നത്. ഞാറ്റാടി ഇറക്കത്തിലെ വളവിൽ ഒരു വാഹനത്തിന് പോലും കടന്നുപോകാൻ പറ്റാത്ത രീതിയിലാണ് റോഡ് തകർന്നത്.
പ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടുന്നതിനു ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് റോഡിൽ നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. മീനങ്ങാടി പഞ്ചായത്തിന്റെ അനാസ്ഥയാണ് റോഡിന്റെ ദുർഗതിക്കു കാരണമെന്ന് അവർ കുറ്റപ്പെടുത്തുന്നുമുണ്ട്. ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്പോഴും റോഡ് നന്നാക്കുന്നില്ല. മീനങ്ങാടി പഞ്ചായത്തിലെ മൂന്ന്, പൂതാടി പഞ്ചായത്തിലെ 13 വാർഡുകളിലൂടെയാണ് റോഡുള്ളത്. വഴി സഞ്ചാരയോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.