രാത്രി കാവൽ: പരാതി പറഞ്ഞ ജന ജാഗ്രതാ സമിതി അധ്യക്ഷനെ വാച്ചർ ആക്രമിക്കാൻ ശ്രമിച്ചെന്ന്
1424976
Sunday, May 26, 2024 4:51 AM IST
സുൽത്താൻ ബത്തേരി: കാവൽ ജോലി കൃത്യമായി ചെയ്യാത്തതിനു പരാതി പറഞ്ഞ ജനജാഗ്രതാ സമിതി അധ്യക്ഷനെ ഫോറസ്റ്റ് വാച്ചർ ആക്രമിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മലയോര കർഷക സംഘം പ്രസിഡന്റ് എം.കെ. കരുണാകരൻ, വൈസ് പ്രസിഡന്റ് ബിജു തെക്കേൽ, സെക്രട്ടറി ഗിഫ്റ്റണ് പ്രിൻസ് ജോർജ്, ട്രഷറർ ജിനോ ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ചീയന്പം ചെട്ടിപാന്പ്രയിലെ ജനജാഗ്രതാസമിതി അധ്യക്ഷൻ ബിനേഷിനാണ് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് വാച്ചർ കോടായിലുമായി ബിനേഷിന്റെ വീട്ടിലെത്തി ആക്രമിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ജോലിയിൽ വീഴ്ചവരുത്തുന്നതും ഇതുമൂലം കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി കൃഷി നശിപ്പിക്കുന്നതും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ബിനേഷ് അറിയിച്ചതാണ് വാച്ചറെ പ്രകോപിപ്പിച്ചത്.
രൂക്ഷമായ കാട്ടാന ശല്യത്തിന് ഒരു പരിധിവരെ ഫോറസ്റ്റ് വാച്ചർമാരുടെ രാത്രി കാവൽ കർഷകർക്ക് ആശ്വാസമാണ്. എന്നാൽ മിക്ക സ്ഥലങ്ങളിലും കാവലിന് നിയോഗിക്കപ്പെട്ടവർ കൃത്യമായി എത്തുന്നില്ല.
വന്യമൃഗശല്യമുള്ള പ്രദേശങ്ങളിൽ കാവലിന് സ്ഥിരമായി ആളുകളെ നിർത്തുകയും അവർ ജോലി ചെയ്യുന്നുവെന്ന് ഉത്തരവാദപ്പെട്ടവർ ഉറപ്പുവരുത്തുകയും വേണം. ബിനേഷിനും കുടുംബത്തിനും സംരക്ഷണവും നിയമസഹായവും മലയോര കർഷക സംഘം നൽകുമെന്നു ഭാരവാഹികൾ പറഞ്ഞു. ബിനേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.