മാനന്തവാടി മിനിബൈപാസിൽ അപകടം തുടർക്കഥയാകുന്നു
1424834
Saturday, May 25, 2024 6:23 AM IST
മാനന്തവാടി: മൈസൂർ റോഡിനേയും വള്ളിയൂർക്കാവ് റോഡിനേയും തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന മിനി ബൈപാസിൽ മുന്നറിയിപ്പ് സംവിധാനമില്ലാത്തതിനാൽ ഗതാഗത തടസവും അപകടവും പതിവാകുന്നു. ഇരു പാതകളേയും ബന്ധിപ്പിക്കുന്ന 50 മീറ്ററോളമുള്ള ബൈപാസിലാണ് ഗതാഗത തടസമുണ്ടാകുന്നത്. ഇവിടെ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് കാണണമെങ്കിൽ ഡ്രൈവർമാർ വാഹനത്തിൽ നിന്നും പുറത്തിറങ്ങണ്ട അവസ്ഥയാണ്. നഗരത്തിലെ രണ്ട് പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബൈപാസാണിത്.
കൊയിലേരി റോഡിൽ നിന്നു വാഹനങ്ങൾക്ക് റോഡിലൂടെ മൈസൂർ റോഡിലേക്ക് പ്രവേശിക്കാനുള്ള വണ്‍വേ സംവിധാനമാണ് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കൃത്യമായ സൂചന ബോർഡില്ലാത്തതോടെ മൈസൂർ റോഡിൽ നിന്നു വരുന്ന വാഹനങ്ങളും ഈ ഇടുങ്ങിയ ബൈപാസ് വഴി കൊയിലേരി റോഡിലേക്ക് ഇറങ്ങുന്നതോടെ ഇരു പാതകളിലും ഗതാഗതം തടസപ്പെടുകയാണ്. മാത്രവുമല്ല ചെറിയ അപകടങ്ങൾക്കും ഡ്രൈവർമാർ തമ്മിലുള്ള വാക്കേറ്റത്തിനും ഇത് കാരണമാകുന്നു.
കാട്ടിക്കുളത്ത് നിന്നുള്ള വാഹനങ്ങളും നഗരത്തിൽ നിന്നു മൈസൂർ റോഡ് വഴി പോകുന്ന നിരവധി വാഹനങ്ങളും കടന്ന് പോകുന്ന റോഡ് കൂടിയായതിനാൽ തന്നെ ബൈപാസിൽ നിന്നു വാഹനങ്ങൾ കയറ്റം കയറി വരുന്നതും അപടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. വ്യക്തമായ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും ഈ പ്രദേശത്ത് ട്രാഫിക് പോലീസിന്റെ ശ്രദ്ധ പതിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.