കനത്ത മഴയിൽ നടപ്പാലം തകർന്നു
1424832
Saturday, May 25, 2024 6:23 AM IST
പുൽപ്പള്ളി: ശക്തമായ മഴയെത്തുുടർന്നുണ്ടായ കുത്തൊഴുക്കിൽ തോടിന് കുറുകെ ചീയന്പം എകെ കോളനിയിലേക്ക് സ്ഥാപിച്ച നടപ്പാലം ഒലിച്ചുപോയി. ഇതോടെ കോളനിയിലെ 25ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം മുതൽ ഈ മേഖലയിൽ അതിശക്തമായ മഴയായിരുന്നു. രാത്രി ഏഴോടെ ജലനിരപ്പ് ക്രമാതീതമായി ഉർന്നതോടെ തോടിന് കുറുകേ നാട്ടുകാർ സ്ഥാപിച്ച നടപ്പാലം ഒലിച്ചുപോവുകയായിരുന്നു.
ചീയന്പം പള്ളിപ്പടിയിൽ നിന്നു ചെട്ടിപാന്പ്രയിലേക്കുള്ള ടാറിംഗ് റോഡിൽ നിന്നാണ് നടപ്പാലം കടന്ന് ആളുകൾ എകെ കോളനിയിലേക്ക് പോയിരുന്നത്. കോളനിയിലുള്ളവർക്ക് യാത്ര ചെയ്യാനുള്ള എളുപ്പ മാർഗമായിരുന്നു ഇത്. പാലം തകർന്നതോടെ ഒരു കിലോമീറ്ററോളം അധികം ചുറ്റി മണ്പാതയിലൂടെ സഞ്ചരിച്ചുവേണം കോളനിവാസികൾക്ക് പുറത്തെത്താൻ. മഴയായതിനാൽ ഈ മണ് പാതയിലൂടെ വാഹനങ്ങൾ കടന്നുപോകാനും പ്രയാസമാണ്.
കോളനിയിൽ രോഗികളടക്കമുള്ളതിനാൽ അടിയന്തര സാഹചര്യങ്ങൾ വന്നാൽ ഇവരെ ആശുപത്രിയിലെത്തിക്കുന്നതടക്കം വലിയ വെല്ലുവിളിയാണെന്നാണ് നാട്ടുകാർ പറയുന്നത്. കോളനിയിലേക്ക് സ്ഥിരമായി ഒരു കോണ്ക്രീറ്റ് പാലം സ്ഥാപിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. അടിയന്തരമായി തോടിന് കുറുകെ പാലം നിർമിച്ച് യാത്രയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.