കെ-സ്വിഫ്റ്റ് രജിസ്ട്രേഷനു മറവിൽ അനധികൃത നിർമാണം: വൈത്തിരി പഞ്ചായത്ത് കണ്ണടയ്ക്കുന്നുവെന്ന് യൂത്ത് കോണ്ഗ്രസ്
1424829
Saturday, May 25, 2024 6:23 AM IST
കൽപ്പറ്റ: വ്യവസായ വകുപ്പിന്റെ കെ-സ്വിഫ്റ്റ് രജിസ്ട്രേഷനു മറവിൽ വൈത്തിരി പഞ്ചായത്തിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നതായി യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രോഹിത് ബോധി,
സെക്രട്ടറിമാരായ ആൽഫിൻ അന്പാറയിൽ, എം. സഫ്വാൻ, വൈത്തിരി മണ്ഡലം പ്രസിഡന്റ് കെ. ആഷിഖ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അനധികൃത നിർമാണങ്ങൾക്കുനേരേ പഞ്ചായത്ത് ഭരണസമിതി കണ്ണടയ്ക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
വ്യവസായങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ അനുമതികളും ലൈസൻസും നേടുന്നതിനു സർക്കാർ ഏർപ്പെടുത്തിയ ഏകജാലക സംവിധാനമാണ് കെ-സ്വിഫ്റ്റ്. ഇതിൽ രജിസ്റ്റർ ചെയ്യുന്ന സംരംഭങ്ങൾ കെട്ടിട നിർമാണ അനുമതി, മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ്, പഞ്ചായത്ത് ലൈസൻസ്, ഫയർ ആൻഡ് റസ്ക്യൂ സർട്ടിഫിക്കറ്റ് എന്നിവ മൂന്നര വർഷത്തിനകം നേടിയാൽ മതി. ഓണ്ലൈൻ അപേക്ഷയിൽ തദ്ദേശ സ്ഥാപനത്തിന്റെ റിപ്പോർട്ട് തേടിയ ശേഷമാണ് കെ-സ്വിഫ്റ്റ് രജിസ്ട്രേഷൻ അനുവദിക്കുന്നത്.
വൈത്തിരി പഞ്ചായത്തിൽ റെഡ് സോണിൽ ഉൾപ്പെട്ട പ്രദേശത്തും പുഴ കൈയേറിയും നിർമാണം നടക്കുന്നുണ്ട്. ഏതുതരം രജിസ്ട്രേഷൻ ഉള്ളതെങ്കിലും പ്രദേശത്ത് നടക്കുന്ന നിർമാണങ്ങൾക്ക് പഞ്ചായത്തിന് ഉത്തരവാദിത്തമുണ്ട്. എന്നിരിക്കേയാണ് റെഡ് സോണിലടക്കം നിർമാണം നടക്കുന്നത്.
പഞ്ചായത്ത് അധികാരികൾ ഇതു കണ്ടില്ലെന്നു നടിക്കുന്നത് ദുരൂഹമാണ്. റെഡ് സോണിൽ നിർമാണം ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയെ അറിയിക്കേണ്ടതു പഞ്ചായത്തിന്റെ ബാധ്യതയാണ്. നിർമാണം പരിശോധിക്കേണ്ടതും അപാകം കണ്ടെത്തിയാൽ കെ-സ്വിഫ്റ്റിൽ അറിയിക്കേണ്ടതും പഞ്ചായത്താണ്. എന്നാൽ വൈത്തിരിയിൽ ഇങ്ങനെ സംഭവിക്കുന്നില്ല.
കെ-സ്വിഫ്റ്റ് രജിസ്ട്രേഷനു മറവിൽ വൈത്തിരി പഞ്ചായത്തിൽ നടന്ന മുഴുവൻ നിർമാണങ്ങളും അന്വേഷണ വിധേയമാക്കണം. അനധികൃത നിർമാണങ്ങൾക്കെതിരേ ശക്തമായ നടപടി ഉണ്ടാകണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ സമരത്തിനും നിയമ നടപടിക്കും യൂത്ത് കോണ്ഗ്രസ് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.