ഹെപ്പറ്റൈറ്റിസിനെതിരേ ജാഗ്രത പുലർത്തണം: ഡിഎംഒ
1424621
Friday, May 24, 2024 5:39 AM IST
കൽപ്പറ്റ: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വൈറൽ ഹെപ്പറ്റൈറ്റിസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ് അറിയിച്ചു. പടിഞ്ഞാറത്തറ, തരിയോട്, മുട്ടിൽ, മൂപ്പൈനാട്, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈറൽ ഹെപ്പറ്റൈറ്റിസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കരളിനെ ബാധിക്കുന്നതാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. ഇതിന്റെ എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴിയും ബി,സി,ഡി വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയും പകരുന്നതാണ്.
അണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മറ്റു പകർച്ചവ്യാധികളേക്കാൾ കൂടുതൽ ദിവസമെടുക്കും. ജില്ലയിൽ കൂടുതലും റിപ്പോർട്ട് ചെയ്തത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്.
ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. പിന്നീട് മൂത്രത്തിലും കണ്ണിലും മറ്റു ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും.