ലോഡുമായി വന്ന ലോറി നടുറോഡിൽ കുടുങ്ങി: കുരുക്കിലമർന്ന് കൽപ്പറ്റ നഗരം
1424615
Friday, May 24, 2024 5:39 AM IST
കൽപ്പറ്റ: ചുങ്കത്തെ പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് ലോഡുമായി വന്ന ലോറി ആക്സിൽ പൊട്ടി റോഡിന് കുറുകെ കിടന്നത് നഗരത്തെ വീർപ്പുമുട്ടിച്ച ഗരാഗതക്കുരുക്കിന് കാരണമായി.
ഏതാണ്ട് ഒന്പത് മണിക്കൂറോളമാണ് നഗരത്തിലെ ഗതാഗതം താറുമാറായത്. കൽപ്പറ്റ പോലീസ് തടസം പരിഹരിക്കാൻ വാഹനങ്ങൾ വഴി തിരിച്ചുവിട്ടും ട്രാഫിക് നിയന്ത്രിച്ചും ഇത്രയും മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്തെങ്കിലും ഗതാഗതക്കുരുക്കിന് ശമനമുണ്ടായില്ല.
വ്യാപാര സ്ഥാനത്തിന്റെ ഗോഡൗണിലേക്ക് ലോഡിറക്കാനായി വാഹനം എത്തിക്കുന്നതിനിടെയാണ് റോഡിന്റെ ഒത്ത നടുവിലായി ആക്സിൽ പൊട്ടി വാഹനം നിന്നത്. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. ഈ സമയം മുതൽ ഇവിടെ ഒരു ഭാഗത്ത് കൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഇത് പിന്നീട് നഗരമൊന്നാകെ ഗതാഗതം സ്തംഭിക്കുന്നതിലേക്ക് നീങ്ങി. ആംബുലൻസുകൾ അടക്കം ഗതാഗതക്കുരുക്കിൽ പെട്ടു.
ലോറി മാറ്റാനുള്ള ശ്രമങ്ങൾ പലവുരി പരാജയപ്പെട്ടതോടെ ക്രെയിൻ എത്തിച്ച് ലോറി നീക്കാനുള്ള ശ്രമങ്ങളായി. ക്രെയിൻ ഉപയോഗിക്കുന്നതിനിടെ ലോറിക്ക് വീണ്ടും യന്ത്ര തകരാർ ഉണ്ടായത് വിനയായി. തുടർന്ന് നടത്തിയ പരിശ്രമം വൈകിട്ട് 6.20ഓടെയാണ് വിജയിച്ചത്.
നഗരത്തിലെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വർഷങ്ങൾക്ക് മുന്പ് തന്നെ പകൽ സമയങ്ങളിൽ ചരക്ക് വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കി തീരുമാനമെടുത്തതാണ്. എന്നാൽ ഈ തീരുമാനം നടപ്പിൽ വരുത്തുന്നതിൽ അധികൃതർ ജാഗ്രത കാണിച്ചിരുന്നില്ല. ഇതിന്റെ തിക്ത ഫലമാണ് ഇന്നലെ നഗരത്തെ വലച്ച ഗതാഗതക്കുരുക്ക്. ഗതാഗതം തടസപ്പെടുത്തിയതിന് ഡ്രൈവർക്കെതിരെയും കൽപ്പറ്റ പോലീസ് കേസെടുത്തിട്ടുണ്ട്.