മഴക്കാല മുന്നൊരുക്കം: ദുരന്തസാധ്യത മുൻകരുതലിന് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി
1424220
Wednesday, May 22, 2024 6:13 AM IST
കൽപ്പറ്റ: ജില്ലയിൽ മഴക്കാല മുന്നൊരുക്കങ്ങളുടെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെയും ഭാഗമായി ദുരന്തസാധ്യതാ പ്രദേശങ്ങൾ കണ്ടെത്തി ആവശ്യമായ മുൻകരുതുകൾ സ്വീകരിക്കാൻ കമ്മിറ്റി രൂപീകരിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ് കൂടിയായ ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉത്തരവിട്ടു.
തദ്ദേശ സ്വയംഭരണാടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അതത് തദ്ദേശ സ്ഥാപന പ്രസിഡന്റ് ചെയർമാനും സെക്രട്ടറി കണ്വീനറും വില്ലേജ് ഓഫീസർ അംഗമായും കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ പെരുമാറ്റചട്ടം നിലവിലുള്ള സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായത്.
ജില്ലയിൽ കാലവർഷം കനക്കുന്ന സാഹചര്യത്തിൽ മഴക്കെടുതിയിൽ ദുരന്തസാധ്യത മേഖലകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അവശ്യഘട്ടങ്ങളിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനും ക്യാന്പുകളായി ഉപയോഗിക്കുന്നതിന് അനുയോജ്യമായ സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് അറിയിക്കുന്നതിനും 2005ലെ ദുരന്തനിവാരണ നിയമം സെക്ഷൻ പ്രകാരം കമ്മിറ്റിക്ക് നിർദേശം നൽകി.
വിവരശേഖരണത്തിൽ മുൻവർഷങ്ങളിൽ ദുരന്തങ്ങൾ ഉണ്ടായ പ്രദേശങ്ങൾ, മലഞ്ചെരിവുകളിലെ ദുരന്ത സാധ്യത മേഖലയിലുള്ളവർ, പുഴ, തോട് കരകവിഞ്ഞൊഴുകി അപകടം ഉണ്ടായ പ്രദേശങ്ങളിൽ താമസിക്കുന്നവർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാന്പുകളായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ പ്രത്യേകം അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കണം.
ഇത്തരം സ്ഥാപനങ്ങളിൽ കുടിവെള്ളം, വൈദ്യുതി, ശുചിമുറി, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്നും കെട്ടിടം സുരക്ഷിതമാണെന്നും ഉറപ്പാക്കണം. കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായി ബിഎൽഒമാർ, പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട ജനപ്രതിനിധികളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തും.
കാലവർഷം ആരംഭിക്കുന്നതിനു മുന്പായി വിവരശേഖരണ പട്ടിക, ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാപനങ്ങളുടെ പട്ടിക എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും നൽകണം. പട്ടികയുടെ പകർപ്പ് ജില്ലാ പോലീസ് മേധാവിക്കും ബന്ധപ്പെട്ട തഹസിൽദാർമാർക്കും ലഭ്യമാക്കും.
വിവരശേഖരണ ലിസ്റ്റുകൾ തയാറാക്കുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. ഓഫീസറുടെ പേര് വിവരങ്ങൾ വാട്സ് ആപ്പ് നന്പർ സഹിതം 25നകം കളക്ടറേറ്റിൽ അറിയിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ തദ്ദേശഭരണ അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ള സമിതി ലഭ്യമാക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് 27ന് മുന്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നൽകണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.