ലോക്സഭാ തെരഞ്ഞെടുപ്പ്: നീലഗിരി മണ്ഡലത്തിൽ 70.93 ശതമാനം പോളിംഗ്
1417627
Saturday, April 20, 2024 6:07 AM IST
ഗൂഡല്ലൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ തമിഴ്നാട്ടിലെ നീലഗിരി ലോക്സഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 70.93 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഒന്പതിന് 8.87 ശതമാനവും, പതിനൊന്നിന് 21.69 ശതമാനവും ഒരു മണിക്ക് 40.88 ശതമാനവും ഉച്ചയ്ക്ക് മൂന്നിന് 53.02 ശതമാനവും വൈകിട്ട് അഞ്ചിന് 64.31 ശതമാനവും രേഖപ്പെടുത്തി.
വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. എവിടെയും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗൂഡല്ലൂർ സെന്റ്തോമസ് സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാർ കാരണം രാവിലെ അരമണിക്കൂർ നേരം വോട്ടിംഗ് തടസപ്പെട്ടു.
അതുപോലെ പന്തല്ലൂർ 129-ാം നന്പർ പോളിംഗ് ബൂത്തിലും ഉച്ചയ്ക്ക് വോട്ടിംഗ് മെഷീൻ തകരാർ കാരണം അരമണിക്കൂർ സമയം വോട്ടിംഗ് തടസപ്പെട്ടു. പല ബൂത്തുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടില്ല. വേനൽ ചൂടിന്റെ കാഠിന്യം കാരണം മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടർമാർ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.
ഇത്തവണ മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തിയിരുന്നതിനാൽ പ്രായം ചെന്നവർക്ക് പ്രയാസം അനുഭവിച്ചു ബൂത്തിലെത്തേണ്ട സാഹചര്യം ഉണ്ടായിരുന്നു. മുതിർന്നവർ, ഭിന്നശേഷിക്കാർ, പോലീസുകാർ ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ തപാൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.
പല ബൂത്തുകളിലും വൈകിട്ട് ആറോടെ പോളിംഗ് സമയം അവസാനിച്ചിരുന്നുവെങ്കിലും പോളിംഗ് തുടർന്നു. ബൂത്തിന്റെ 200 മീറ്റർ അകലെയായിരുന്നു പാർട്ടി പ്രവർത്തകർ വോട്ട് ശേഖരണം നടത്തിയിരുന്നത്. തമിഴകത്തിൽ വോട്ടിംഗ് പൂർത്തിയായെങ്കിലും ഫലത്തിനായി ഒന്നര മാസക്കാലം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. നീലഗിരി മണ്ഡലത്തിൽ 16 സ്ഥാനാർഥികളാണ് ജനവിധി തേടിയിരുന്നത്.