സുഗന്ധഗിരി വനംകൊള്ളയുടെ ഉത്തരവാദികൾ സർക്കാരും വനം വകുപ്പും; യൂത്ത് കോണ്ഗ്രസ്
1417625
Saturday, April 20, 2024 6:07 AM IST
കൽപ്പറ്റ: സുഗന്ധഗിരി വനമേഖലയിലെ വിലപിടിപ്പുള്ള നൂറുകണക്കിന് വൻമരങ്ങൾ മുറിച്ചു കടത്തിയ കേസിൽ ഗൂഡാലോചനയും ആസൂത്രണവും നടത്തിയതും വനംകൊള്ളയ്ക്ക് നേതൃത്വം നൽകിയതും ഭരണകക്ഷിനേതാക്കൻമാരും വനം ഉദ്യോഗസ്ഥരും ചേർന്നുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് യൂത്ത് കോണ്ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അതിന്റെ തെളിവാണ് ജില്ലയിലെ വനം ഉദ്യോഗസ്ഥർക്ക് എതിരെയുള്ള നടപടികൾ പിൻവലിക്കുന്നതിന് ജില്ലയിലെ ഭരണകക്ഷി നേതാക്കൻമാരുടെ സത്വര ഇടപെടൽ.
മുട്ടിൽ മരംമുറി കൊള്ളയുടെ തുടർച്ചയാണ് സുഗന്ധഗിരിയിൽ നടന്നത്. സംസ്ഥാന വ്യാപകമായി ഭരണകക്ഷി നേതാക്കൻമാരും വനം ഉദ്യോഗസ്ഥരും ചേർന്നുള്ള ഗൂഡാലോചനയുടെ ഫലമാണ് 20 മരങ്ങൾ മാത്രം മുറിക്കാനുള്ള അനുമതിയുടെ മറവിൽ നൂറുകണക്കിന് വൻമരങ്ങൾ പട്ടികവർഗ വിഭാഗത്തിന് പതിച്ചു കൊടുത്ത സുഗന്ധഗിരി മേഖലയിൽനിന്നു മുറിച്ചു കടത്തിയത്. ഇതിനെതിരേ വനം വകുപ്പിലെ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ തടസപ്പെടുത്തുന്ന രീതിയിലാണ് ഭരണ കക്ഷി നേതാക്കൻമാരുടെയും വനം മന്ത്രിയുടെയും ഇടപെടലുകൾ.
സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നീതി പൂർവവും കർശനവുമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് യൂത്ത് കോണ്ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.
സുഗന്ധഗിരി മരംമുറി: സിപിഎം ഇടപെട്ടുവെന്ന പ്രചാരണം അസംബന്ധമെന്ന്
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിയിൽ ജീവനക്കാർക്കെതിരായ സസ്പെൻഷൻ മരവിപ്പിക്കാൻ സിപിഎം ഇടപെട്ടെന്ന പ്രചാരണം അസംബന്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ അറിയിച്ചു. സർക്കാരിന്റെ ഔദ്യോഗിക നടപടികളിൽ സിപിഎം ഇടപെടാറില്ല.
മരംമുറിയിൽ കൃത്യമായ അന്വേഷണമാണ് സർക്കാർ നടത്തുന്നത്. പ്രതികളെ അറസ്റ്റുചെയ്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇതിലൊന്നും സിപിഎം ഇടപെടാറില്ല.
വസ്തുതയുടെ തരിന്പുപോലും ഇല്ലാത്ത പ്രചാരണമാണ് തത്പര കക്ഷികൾ നടത്തുന്നതെന്നും ഇത്തരം വാർത്തകൾ ജനം അവഞ്ജയോടെ തള്ളുമെന്നും ജില്ലാ സെക്രട്ടറി വാർത്താകുറിപ്പിൽ പറഞ്ഞു. ഗഗാറിൻ പറഞ്ഞു.