ഇവിടെ ഞങ്ങളുമുണ്ട്; വോട്ടവകാശത്തിന് നന്ദി പറഞ്ഞ് കൃഷ്ണൻ
1417415
Friday, April 19, 2024 6:18 AM IST
കൽപ്പറ്റ: ഇരുൾ പടർന്നുപോയ ജീവിതത്തിൽ വെളിച്ചമാകുന്ന പ്രതീക്ഷകൾ. രണ്ടു പതിറ്റാണ്ടിലേറെയായി കിടപ്പിലായിപ്പോയ ദൗർഭാഗ്യത്തിലും ഈ വോട്ടടെപ്പ് കാലത്ത് തന്നെ പോലെയുളളവരെയും പരിഗണിച്ചതിന്റെ സന്തോഷത്തിലാണ് തരിയോട് കളരിക്കോട് കോളനിയിലെ കൃഷ്ണൻ. ഇതിനായി സൗകര്യം ഒരുക്കിയ ജില്ലാ കളക്ടർ ഡോ. രേണുരാജിന് ഈ വോട്ടർ ഹൃദ്യമായി ഒരു കുറിപ്പെഴുതി.
ഞാൻ രാജ്യത്തിന് വേണ്ടി വോട്ട് ചെയ്തു. അത് സാധിച്ചു. വോട്ടുപെട്ടി വീട്ടിലെത്തി പോസ്റ്റലായി വോട്ട് ചെയ്യാൻ കഴിഞ്ഞത് കൊണ്ട് മാത്രം. ഞങ്ങളെ പോലെയുള്ളവരും ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഈ വോട്ടവകാശത്തിലൂടെ എനിക്കും കഴിഞ്ഞു. ബഹുമാനപ്പെട്ട ഞങ്ങളുടെ ജില്ലയുടെ ഭരണാധികാരിയായ കളക്ടർ രേണു രാജ് അവർകൾക്ക് ആയിരം, ആയിരം അഭിനന്ദനങ്ങൾ.
തരിയോട് മൂന്നാം വാർഡ് കളരിക്കോടിലെ കൃഷ്ണന് ഇരുപതാം വയസിലാണ് മരത്തിൽ നിന്നും വീണ് നട്ടെല്ലിന് പിരിക്കേറ്റത്. അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായ പണിയ സമുദായംഗമായ കൃഷ്ണന് അതോടെ പ്രതീക്ഷകളെല്ലാം ഒറ്റ മുറിക്കുള്ളിലൊതുങ്ങി. പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്യുകയെന്നതെല്ലാം ശ്രമകരമായിരുന്നു. പലപ്പോഴും കൂട്ടുകാരുടെ സഹായത്തോടെയാണ് ഇതെല്ലാം നിറവേറ്റിയിരുന്നത്. ഏറെ ആഗ്രഹമുളള വോട്ടുചെയ്യുക എന്ന പൗരധർമ്മവും ഇത്തവണ പ്രതിസന്ധിയിലായിരുന്നു.
ഈ സാഹചര്യങ്ങൾക്കിടയിലാണ് മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും അവശതയനുഭവിക്കുന്നവർക്കുമെല്ലാം വീട്ടിൽ തന്നെ വോട്ടുചെയ്യാനുള്ള സൗകര്യം ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയത്. ഇത് ഭംഗിയായി നിറവേറ്റിത്തന്ന ജില്ലാ വരാണാധികാരി കൂടിയായ കളക്ടർക്കും ഉദ്യോഗസ്ഥർക്കുമാണ് കൃഷ്ണൻ കിടപ്പമുറിയിൽ നിന്നും അഭിനന്ദനങ്ങളറിയിച്ച് കുറിപ്പെഴുതിയത്.
കുറിപ്പ് ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ ഡോ.രേണുരാജ് കൃഷ്ണനെ നേരിട്ട് വിളിച്ച് കാര്യങ്ങളെല്ലാം അന്വേഷിച്ചു. കരുത്തുറ്റ ജനാധിപത്യ രാജ്യത്തിന്റെ നിർമ്മിതിക്ക് ഓരോ വോട്ടും പ്രധാനപ്പെട്ടതാണെന്നും ഇത് ആവേശത്തോടെ വിനിയോഗിച്ച കൃഷ്ണനെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു.
ഇങ്ങിനെ വീടുകളിലെത്തി നൂറകണക്കിന് വോട്ടർമാർക്ക് സൗകര്യപൂർവം വോട്ട് ചെയ്യാൻ അവസരമൊരുക്കി അക്ഷീണം പ്രവർത്തിച്ച ഉദ്യോഗസ്ഥ സംഘത്തെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു. ജില്ലയിൽ വീടുകളിൽ നിന്നുള്ള വോട്ടെടുപ്പിന് 5821 പേരാണ് അപേക്ഷ നൽകിയിരുന്നത്. അതിവേഗമാണ് ജില്ലയിൽ വീടുകളിൽ നിന്നുള്ള വോട്ടെടുപ്പും പൂർത്തിയാകുന്നത്.