ലോക്സഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു
1417409
Friday, April 19, 2024 6:18 AM IST
കൽപ്പറ്റ: തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. പ്രിസൈഡിംഗ് ഓഫീസർ, ഒന്ന് രണ്ട് മൂന്ന് പോളിംഗ് ഓഫീസർമാർ ഉൾപ്പടെ 2,772 ഉദ്യോഗസ്ഥർക്കാണ് രണ്ടാം ഘട്ടത്തിൽ പരിശീലനം നൽകുക.
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ച 1040 ഉദ്യോഗസ്ഥർക്ക് അസംപ്ഷൻ ഹൈസ്കൂളിൽ പരിശീലനം നൽകി. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രത്തിൽ ഒരുക്കിയ വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ഡോ.രേണുരാജ് വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്ററിലെ ക്രമീകരണങ്ങൾ വിലയിരുത്തി. പോസ്റ്റൽ ബാലറ്റ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ പി.ആർ. രത്നേഷ്, പോസ്റ്റൽ ബാലറ്റ് നോഡൽ ഒഫീസർ സി.പി. സുധീഷ് എന്നിവർ വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൽപ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്ക് ഇന്ന് സെന്റ് ജോസഫ്സ് കോണ്വെന്റ് ഹൈസ്കൂളിലും മാനന്തവാടി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്ക് നാളെ സെന്റ് പാട്രിക് ഹൈസ്കൂളിലും പരിശീലനം നൽകും.
ട്രെയിനിംഗ് നോഡൽ ഓഫീസർ ബി.സി. ബിജേഷ്, സംസ്ഥാനതല മാസ്റ്റർ ട്രെയ്നർ പി.യു. സിതാര, മാസ്റ്റർ ട്രെയ്നർമാരായ ഉമറലി പാറച്ചോടൻ, ജോയി തോമസ്, എം.പി. സുരേഷ് കുമാർ, രാജേഷ് കുമാർ എസ്. തയ്യത്ത്, കെ. അശോകൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഉദ്യോഗസ്ഥർ നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ട്രെയ്നിംഗ് മാനേജ്മെന്റ് നോഡൽ ഓഫീസർ അറിയിച്ചു.