രാഹുൽ ജയിച്ചാൽ പോരാ, പ്രധാനമന്ത്രിയാകണം: പ്രാർഥനയോടെ വയനാട് യുഡിഎഫ്
1415756
Thursday, April 11, 2024 6:00 AM IST
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ടാംതവണയും ജനവിധി തേടുന്ന രാഹുൽ ഗാന്ധി മെച്ചപ്പെട്ട ഭൂരിപക്ഷത്തിൽ ജയിച്ച് പ്രധാനമന്ത്രിയാകണമെന്ന പ്രാർഥനയോടെ യുഡിഎഫ് പ്രവർത്തകർ. രാഹുൽ ഗാന്ധി പ്രധാനമന്ത്രിപദത്തിൽ എത്തിയാൽ കൃഷി, ആരോഗ്യം, ഗതാഗതം, പട്ടികവർഗ ക്ഷേമം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖകളിൽ വയനാടിന്റെ അരിഷ്ടത നീങ്ങുമെന്ന് അവർ കരുതുന്നു.
കേന്ദ്ര മന്ത്രാലയങ്ങൾ മുൻകൈയെടുത്ത് പരിഹരിക്കേണ്ടതാണ് വയനാട് അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങളിൽ പലതും.
കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാതയിൽ ബന്ദിപ്പുര വനപ്രദേശത്ത് വർഷങ്ങളായി തുടരുന്ന രാത്രിയാത്രാ നിയന്ത്രണം നീക്കാനും നഞ്ചങ്കോട്-നിലന്പൂർ റെയിൽ പദ്ധതി യാഥാർഥ്യമാക്കാനും കബനിക്കു കുറുകെ പെരിക്കല്ലൂർ, ബൈരക്കുപ്പ കടവുകളെ ബന്ധിപ്പിച്ച് പാലം പണിയാനും കർഷക സൗഹൃദമായി വനം-വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതാനും ചുരം ബദൽ റോഡുകളുടെ നിർമാണത്തിനു ആവശ്യമായ വനഭൂമി ലഭ്യമാക്കാനും കേന്ദ്ര സർക്കാർ മനസുവച്ചാൽ കഴിയും.
ഈ പശ്ചാത്തലത്തിലാണ് രാഹുൽ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം യുഡിഎഫ് നേതാക്കളും പ്രവർത്തകരും നെഞ്ചിൽ കൊണ്ടുനടക്കുന്നത്.
ജനങ്ങളുടെ ഇച്ഛക്കൊത്ത വികസനം മണ്ഡലത്തിൽ എത്തിക്കുന്നതിനു എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രവർത്തനം, അദ്ദേഹം ഭരണപക്ഷത്തിലെ കണ്ണിലെ മുഖ്യ കരടായതിനാൽത്തന്നെ ലക്ഷ്യത്തിലെത്തിയില്ല.
കേന്ദ്ര സർക്കാർ ഇടപെട്ടു പരിഹരിക്കേണ്ട പ്രശ്നങ്ങൾ രാഹുൽഗാന്ധി പലവട്ടം പാർലമെന്റിൽ ഉന്നയിക്കുകയും ബന്ധപ്പെട്ട മന്ത്രിമാർ മുന്പാകെ അവതരിപ്പിക്കുയും ചെയ്തെങ്കിലും തണുപ്പൻ പ്രതികരണമാണ് ഉണ്ടായത്. മണ്ഡലത്തിൽ എണ്ണം പറഞ്ഞ വികസന പദ്ധതികൾ എത്തിച്ച് രാഹുൽ ആളാകേണ്ടെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ മത്സരിക്കാനെത്തിയപ്പോൾ കൊടുമുടിയോളമായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. അദ്ദേഹം ഭരണത്തലവനാകുമെന്നും അതുവഴി മണ്ഡലത്തിന്റെ മുഖഛായ മാറുമെന്നും യുഡിഎഫ് അണികളും അനുഭാവികളും അല്ലാത്തവരും കരുതി. ഇതിനു അടിവരയിടുന്നതായി രാഹുൽ ഗാന്ധിക്കു ലഭിച്ച മഹാഭൂരിപക്ഷം. എന്നാൽ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള സാഹചര്യം കോണ്ഗ്രസിനു മുന്നിൽ ഒരുങ്ങിയില്ല.
ഇക്കുറി ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനു കനത്ത വെല്ലുവിളി ഉയർത്താൻ ഇന്ത്യാ മുന്നണിയുണ്ട്. ഈ മുന്നണിയെ കൂട്ടിപ്പിടിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന നേതാക്കളുടെ മുൻനിരയിലാണ് രാഹുൽ ഗാന്ധി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇന്ത്യാ മുന്നണിക്കു ലഭിച്ചാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനു സാധ്യതയേറെയാണെന്നു കരുതുന്നവരാണ് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളിലും പ്രവർത്തകരിലും അധികവും.
വയനാട് മണ്ഡലത്തിൽ വിജയക്കൊടി നാട്ടുമെന്ന വാദം എൽഡിഎഫും എൻഡിഎയും ഉന്നയിക്കുന്നുണ്ട്. ഇതിനെ പരിഹാസത്തോടെയാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും വിലയിരുത്തുന്നത്.
രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഇളക്കം തട്ടുമോ എന്നതിൽ മാത്രമാണ് അവർക്കു ശങ്ക. കരുത്തരാണ് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ എതിർക്കുന്നത്. സിപിഐയിലെ ആനി രാജയാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയാണ് എൻഡിഎ പോരിനിറക്കിയത്.