വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
1415553
Wednesday, April 10, 2024 5:44 AM IST
തലപ്പുഴ: വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വാളാട് സ്വദേശികളായ ചാലിൽ വീട്ടിൽ സി.എം അയൂബ് (38), കോന്പി വീട്ടിൽ അബു എന്ന ബാബു(40) എന്നിവരെയാണ് തലപ്പുഴ പോലീസ് സബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2023 നവംബർ 23ന് പുലർച്ചെ ആലാർ ഭാഗത്ത് ആണ് കേസിനാസ്പദമായ സംഭവം. പേരിയ 35ൽ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹന പരിശോധന നടത്തുന്പോൾ ചന്ദനത്തോട് ഭാഗത്തു നിന്നും വന്ന പ്രതികൾ സഞ്ചരിച്ച കെഎൽ 72 ഡി 3880 നന്പർ കാർ കൈ കാണിച്ചു നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്താതെ അമിത വേഗതയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കുകയും ഡിപ്പാർട്മെന്റ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു.
തുടർന്ന്, നിർത്താതെ പോയ വാഹനം ആലാർ ഭാഗത്ത് ബൈക്ക് പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി പരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നു. വനംവകുപ്പ് ചുമത്തിയ കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ കഴിയുഞ്ഞു വരികയായിരുന്ന പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.