കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം
1396328
Thursday, February 29, 2024 5:18 AM IST
പുൽപ്പള്ളി: വേലിയന്പം, ഭൂദാനം, മരകാവ് പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ നെയ്ക്കുപ്പ പാതിരി വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്തോളം കർഷകരുടെ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്. ഇന്നലെ രാത്രിയിറങ്ങിയ കാട്ടാന ഭൂദാനം കവലയ്ക്ക് സമീപം മേക്കാട്ടിൽ സജിയുടെ തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ജനവാസ മേഖലയിൽ നിന്നും ആനയെ വനത്തിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസം വേലിയന്പത്തെ ചെരുവിൽ ഷൈജൻ, ജോസ് കുന്നത്തുമറ്റം, ചാമി രാജേഷ്, പാപ്പച്ചൻ കൂനംപറന്പിൽ എന്നിവരുടെ കൃഷിയിടങ്ങളിലും വ്യാപകമായി കൃഷി നശിപ്പിച്ചു.
ആന സന്ധ്യമയങ്ങുന്നതോടെ നെയ്ക്കുപ്പ വനത്തിൽ നിന്നും കൂട്ടമായി ഇറങ്ങാൻ തുടങ്ങിയതോടെ കർഷകർക്ക് വീടിന് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണ്. വനാതിർത്തിയിലെ ട്രഞ്ചും ഫെൻസിംഗും പൂർണമായി തകർന്നുകിടക്കുന്നതാണ് ആനകൾ കൃഷിയിടത്തിലിറങ്ങാൻ കാരണമെന്ന് കർഷകർ പറയുന്നത്.
മുൻ കാലങ്ങളിൽ വനാതിർത്തിയിലെ കൃഷിയിടങ്ങളിലിറങ്ങിയിരുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പ് വാച്ചർമാരെ നിയമിച്ചിരുന്നെങ്കിലും മേഖലയിൽ വ്യാപകമായി കടുവാ ശല്യം വർധിച്ചതോടെ അതിനെ തിരയുന്നതിനും മറ്റും പോവേണ്ടതിനാൽ ആനയെ തുരത്താൻ വാച്ചർമാരില്ലാത്ത അവസ്ഥയാണ്.
ചങ്ങല ഗെയിറ്റ് വനമേഖലയിൽ നിന്നും കാട്ടാനയിറങ്ങുന്നത് പതിവായതോടെ ഇതുവഴി ഇരുചക്രവാഹനങ്ങളിൽപോലും ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. സന്ധ്യമയങ്ങുന്നതോടെ കൃഷിയിടത്തിലേക്കിറങ്ങുന്ന ആനക്കൂട്ടകൾ നേരംപൂലർന്നാണ് തിരികേ പോകുന്നത്. മുൻതാലങ്ങളിൽ ചക്കയുടേയും മാങ്ങയുടേയും സീസണിലായിരുന്നു ആനകൾ കൃഷിയിടങ്ങളിൽ എത്തിയിരുന്നത്.
ആനകൾ നേരത്തെ എത്താൻ തുടങ്ങിയതോടെ പ്ലാവിലെ ചക്കകൾ പൂർണമായും വെട്ടി നശിപ്പിക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഭൂദാനം, മരകാവ്, മൂഴിമല, ചങ്ങല ഗെയിറ്റ്, കണ്ടാമല മേഖലകളിൽ ആനശല്യം വർധിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ആനയെ തുരത്തുന്നതിനാവശ്യമായ നടപടിയുണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. ആനശല്യത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.