ബോർഡിൽ മാത്രം ഒതുങ്ങുന്ന മെഡിക്കൽ കോളജല്ല വയനാടിന് ആവശ്യം: ഹ്യൂമൻ റൈറ്റ് കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കൗണ്‍സിൽ
1395917
Tuesday, February 27, 2024 7:10 AM IST
മാനന്തവാടി: മെഡിക്കൽ കോളജ് പ്രവർത്തനം കാര്യക്ഷമമാകണമെന്നും ബോർഡിൽ മാത്രമൊതുങ്ങുന്ന ആശുപത്രിയല്ല അത്യാധുനിക സൗകര്യമുള്ള ആശുപത്രിയാണ് വയനാട്ടുകാർക്ക് വേണ്ടതെന്നും ഹ്യൂമൻ റൈറ്റ് കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കൗണ്‍സിൽ ആശുപത്രി സൂപ്രണ്ടിനോട് നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.
500 കിടക്കകളുള്ള ആശുപത്രിയാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സ്റ്റാഫ് പാറ്റേണ്‍ ഉയർത്താത്തത് വയനാട്ടുകാരോടുള്ള വെല്ലുവിളിയാണ്. മാനന്തവാടി മെഡിക്കൽ കോളജിൽ കാഷ്വാലിറ്റിയിൽ മാത്രം നിത്യേന എത്തുന്ന 280 ൽ അധികം അത്യാസന്ന രോഗികളെ പരിചരിക്കുന്നതിന് മൂന്ന് ഷിഫ്റ്റുകളിലായി ആറ് ഡോക്ടർമാരും ഒന്‍പത് നഴ്സുമാണ് ഉള്ളത്. ഇത് മൂലംരോഗികൾക്ക് സമയബന്ധിതമായി ലഭിക്കേണ്ട യഥാർത്ഥ ചികിത്സ ലഭിക്കുന്നില്ല.
മെഡിക്കൽ കോളജ് പ്രഖ്യാപിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും നഴ്സ് പാരാമെഡിക്കൽ സ്റ്റാഫുകളെ പോസ്റ്റ് ചെയ്യാത്തതും മെഡിക്കൽ കോളജിലെ സീനിയർഡോക്ടർമാർ വാർഡ് ഡ്യൂട്ടി എടുക്കാത്തതും ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നുണ്ട്. ജൂണിയർ ഡോക്ടർമാരുടെ സേവനം മാത്രമാണ് മെഡിക്കൽ കോളജിൽ സ്ഥിരതയോടെ ലഭിക്കുന്നതെന്നും എച്ച്ആർപിസി സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തി.
എച്ച്ആർപിസി സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോണ്‍, ജില്ലാ ഭാരവാഹികളായ ഗോവിന്ദ് രാജ്, കെ.ജെ. ഷിജു, പ്രകാശൻ, സ്വപ്ന ആന്റണി, സാറാമ്മ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കാഷ്വാലിറ്റിയുടെ കാര്യത്തിൽ പ്രത്യേകമായ പരിഗണന നൽകാമെന്ന് സൂപ്രണ്ട് ഉറപ്പു നൽകിയതായും സംഘടനാ ഭാരവാഹികൾ പറഞ്ഞു.