ബേലൂർ മഖ്നയെ പിടിക്കാൻ കൂടുതൽ വിദഗ്ധർ
1394968
Friday, February 23, 2024 7:50 AM IST
മാനന്തവാടി: വടക്കേവയനാട്ടിലെ പയ്യന്പള്ളി ചാലിഗദ്ദയിൽ കർഷകൻ പനച്ചിയിൽ അജീഷിന്റെ ജീവനെടുത്ത മോഴയെ മയക്കുവെടിവച്ച് പിടിക്കാൻ കൂടുതൽ വിദഗ്ധരെത്തി. ഹൈദരാബാദിൽനിന്നുള്ള വന്യജീവി വിദഗ്ധൻ നവാബ് അലി ഖാനും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള നാല് സാങ്കേതിക വിദഗ്ധരുമാണ് പുതുതായി ദൗത്യസംഘത്തിന്റെ ഭാഗമായത്.
സംസ്ഥാന വനം വകുപ്പ് അഭ്യർത്ഥിച്ചപ്രകാരമാണ് ഇവർ ജില്ലയിലെത്തിയത്. ആനയെ പിടിക്കുന്നതിൽ ഇവർ സാങ്കേതിക സഹായവും ഉപദേശവും നൽകും. നിലവിൽ കർണാടക വനത്തിൽ ചുറ്റിത്തിരിയുന്ന ആന കേരള അതിർത്തിക്കുള്ളിൽ സൗകര്യപ്രദമായ ഇടത്തിൽ എത്തുന്ന മുറയ്ക്ക് മയക്കുവെടി പ്രയോഗിക്കാനാണ് ദൗത്യ സേനയുടെ പദ്ധതി. ഈ മാസം 10നാണ് അയൽവാസിയുടെ വീട്ടുമുറ്റത്ത് കാട്ടാനയുടെ ചവിട്ടേറ്റ് അജീഷ് മരിച്ചത്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായതനുസരിച്ച് അന്ന് ഉച്ചകഴിഞ്ഞ് തുടങ്ങിയതാണ് ആനയെ പിടിക്കാനുള്ള ശ്രമം. 11 ദിവസം കഴിഞ്ഞിട്ടും ഇത് ലക്ഷ്യപ്രാപ്തിയിൽ എത്താത്തതിൽ ജനങ്ങളിൽ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ ദിവസം അജീഷിന്റെ വീട്ടിലെത്തിയ റവന്യു മന്ത്രി കെ. രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, തദ്ദേശ ഭരണമന്ത്രി എം.ബി. രാജേഷ് എന്നിവരെ കുടുംബാംഗങ്ങളും പ്രദേശവാസികളും പ്രതിഷേധം അറിയിച്ചിരുന്നു.
ജനവാസകേന്ദ്രങ്ങളിൽ ശല്യം ചെയ്തതിനെത്തുടർന്നു കർണാടക വനം വകുപ്പ് മയക്കുവെടിവച്ച് പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് മോചിപ്പിച്ച ബേലൂർ മഖ്ന എന്നറിയപ്പെടുന്ന ആനയാണ് അജീഷിനെ കൊലപ്പെടുത്തിയത്. ജനുവരി ആദ്യമാണ് ഈ ആനയുടെ സാന്നിധ്യം വയനാട് വനഭാഗത്ത് ആദ്യമായി സ്ഥിരീകരിച്ചത്.