പുൽപ്പള്ളി സംഘർഷം: കേസുകൾ പിൻവലിക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ
1394908
Friday, February 23, 2024 5:59 AM IST
കൽപ്പറ്റ: കുറുവ വിനോദ സഞ്ചാര കേന്ദ്രം ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് പുൽപ്പള്ളി ടൗണിൽ ജനകീയ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്ത് നൽകി.
സംഘർഷവുമായി ബന്ധപ്പട്ട് നാലു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്നവരടക്കം നൂറിലധികം പേർ പ്രതികളാണ്. എംഎൽഎമാരെ ആക്രമിച്ചു എന്നതിനാണ് കേസുകളിൽ ഒന്ന്. പരാതി ഇല്ലെന്ന് എംഎൽഎമാർ അറിയിച്ചിട്ടും കേസുമായി പോലീസ് മുന്നോട്ടുപോകുകയാണ്.
ജില്ലയിൽ തുടർച്ചയായി വന്യജീവി ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടു. ഇതിലുണ്ടായ വൈകാരിക പ്രതികരണമാണ് പുൽപ്പള്ളിയിൽ കണ്ടത്. ഇത് ഉൾക്കൊള്ളുന്നതിനുപകരം പോലീസ് കേസുകളിൽ പ്രതിചേർത്തവർക്കായി രാവും പകലും തെരച്ചിൽ നടത്തുകയും അറസ്റ്റ് ചെയ്യുകയുമാണ്.
വന്യമൃഗശല്യത്തിനൊപ്പം അറസ്റ്റ് ഭീഷണിയും നേരിടേണ്ട സ്ഥിതിയിലാണ് ജനം. ഈ സാഹചര്യം ഒഴിവാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.