യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം
1394702
Thursday, February 22, 2024 5:22 AM IST
കൽപ്പറ്റ: വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ഇന്നലെ യുഡിഎഫ് കളക്ടറേറ്റിന് മുന്നിൽ നടത്തിയ രാപകൽ സമരം സമാപിച്ചതിന് പിന്നാലെയായിരുന്നു കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാർച്ചെത്തിയത്.
വനംമന്ത്രി രാജിവയ്ക്കണമെന്നും മുഖ്യമന്ത്രി ജില്ലയിലെത്തി പ്രശ്ന പരിഹാരങ്ങൾക്കുള്ള നടപടികൾ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടായിരുന്നു കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്.
ജില്ലാ പ്രസിഡന്റ് അമൽ ജോയിയുടെ നേൃത്വത്തിൽ കളക്ടറേറ്റ് കവാടത്തിൽ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തള്ളിമറിക്കാനും മുകളിൽ കയറി കൊടികെട്ടാനും ശ്രമിക്കുന്നതിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ രോഷംപൂണ്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജലപീരങ്കി പ്രയോഗത്തിനു ഉപയോഗിച്ച വാഹനത്തിനുനേരേ തിരിഞ്ഞു. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിനിടെ പോലീസ് ലാത്തിവീശി. ഇതിനിടെ സമരക്കാർക്കിടിയിൽനിന്നുണ്ടായ കല്ലേറിൽ പോലീസ് സേനാംഗം പ്രഫുലിനു പരിക്കേറ്റു.
പിന്നീട് കളക്ടറേറ്റ് പടിക്കൽ ചേർന്ന യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കടുവ വരുന്നത് ആടിനെ പിടിക്കാനെങ്കിൽ കാട്ടാന വരുന്നത് ആരെ പിടിക്കാനാണ് എന്ന് രാഹുൽ ചോദിച്ചു.
ജീവിച്ചിരിക്കുന്നതുകൊണ്ടാണ് വയനാട്ടുകാർ കൊല്ലപ്പെടുന്നത്, അതുകൊണ്ട് ഓക്സിജൻ നിരോധിക്കണമെന്നും എം.ബി. രാജേഷ് പറയും. പിണറായി മന്ത്രിസഭയിലെ അടിസ്ഥാന യോഗ്യത പത്താം ക്ലാസും ഗുസ്തിയും വിവരക്കേടുമാണെന്നും രാഹുൽ പരിഹസിച്ചു. ജില്ലാ പ്രസിഡന്റ് അമൽ ജോയി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബബിൻ രാജ്, അരുണ്‍ദേവ്, ടി.എം. നിമേഷ്, സെക്രട്ടറിമാരായ ലയണൽ മാത്യു, ജിജോ പൊടിമറ്റം, സി.എം. ലനീഷ്, മുഹമ്മദ് ഷാമിൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഫ്സൽ ചീരാൽ, ശ്രീജിത്ത് കുപ്പാടിത്തറ, കെ. നിദ, സെക്രട്ടറിമാരായ ഹർഷൽ കോനാടൻ, ജിനു കോളിയാടി,
അനീഷ് റാട്ടക്കുണ്ട്, മുത്തലിബ് പഞ്ചാര, ജിബിൻ മാന്പള്ളി, കെ. ബിൻഷാദ്, സുകന്യ മോൾ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഡിന്റോ ജോസ്, അസീസ് വാളാട് എന്നിവർ സമരത്തിന് നേതൃത്വം നൽകി.