വന്യമൃഗ ആക്രമണം: യുഡിഎഫ് രാപകൽസമരം ശ്രദ്ധേയമായി
1394701
Thursday, February 22, 2024 5:22 AM IST
കൽപ്പറ്റ: വന്യമൃഗആക്രമണങ്ങളിൽനിന്നു വയനാടിനെ രക്ഷിക്കണമെന്ന മുദ്രാവാക്യമുയർത്തി യുഡിഎഫ് കളക്ടറേറ്റ് പടിക്കൽ നടത്തിയ രാപകൽ സമരം നേതാക്കളുടെ സാന്നിധ്യം, പ്രവർത്തകരുടെ പങ്കാളിത്തം എന്നിവയാൽ ശ്രദ്ധേയമായി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച സമരം ബുധനാഴ്ച രാവിലെയാണ് സമാപിച്ചത്. സമാപനസമ്മേളനം മുൻമന്ത്രി എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നയരാഹിത്യമാണ് മനുഷ്യവന്യമൃഗ സംഘർഷം വർധിക്കുന്നതിന് ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
വന്യജീവികളുടെ ആവാസ്ഥ വ്യവസ്ഥ മെച്ചപ്പെടുത്തൽ, വന്യമൃഗശല്യ പ്രതിരോധം, വന്യജീവി ആക്രമണത്തിന് ഇരകളാകുന്നവർക്കു നഷ്ടപരിഹാരം എന്നിവയ്ക്കു ജില്ലയ്ക്ക് ഒരു വർഷം ലഭിക്കുന്നത് ആറ് കോടി രൂപ മാത്രമാണ്. മലയോരമേഖലയുടെ വിഷയങ്ങളിൽ കണ്ണും കാതുമില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ജനങ്ങളെ കബളിപ്പിച്ച് ഇനിയും മുന്നോട്ടുപോകാൻ സർക്കാരിനെ യുഡിഎഫ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ രാപകൽ സമരപ്രമേയം അവതരിപ്പിച്ചു. ഗുരുതരമായ പ്രശ്നങ്ങളുണ്ടായിട്ടും മനുഷ്യജീവനുകൾ നഷ്ടമായിട്ടും മുഖ്യമന്ത്രി വയനാട് സന്ദർശിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. വനനിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകുക, എ.കെ. ശശീന്ദ്രനെ വനം മന്ത്രിയുടെ ചുമതലയിൽനിന്നു നീക്കുക, വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേത്തിൽ ഉന്നയിച്ചു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.പി. ചെറിയമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, റസാഖ് കൽപ്പറ്റ, പി.പി. ആലി, ടി. ഹംസ, ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, ആരിഫ് കണ്ടിയാനിൽ, സലീം മേമന, അസൈനാർ ബത്തേരി, എം.എ. ജോസഫ്, ബിനു തോമസ് എന്നിവർ പ്രസംഗിച്ചു.