വനപാലർക്കുനേരേ അക്രമം: കെഎഫ്പിഎസ്എ ഇന്ന് പ്രതിഷേധദിനമായി ആചരിക്കും
1394271
Tuesday, February 20, 2024 7:49 AM IST
കൽപ്പറ്റ: കുറുവ വിനോദസഞ്ചാര കേന്ദ്രം ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ശനിയാഴ്ച പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിനിടെ വനപാലകരെ ബന്ദികളാക്കി അക്രമിച്ചതിലും വനം വകുപ്പിന്റെ വാഹനം കേടുവരുത്തിയതിലും ശക്തമായ പ്രതിഷേധവുമായി കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ.
അക്രമത്തെ അപലപിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ ദിനമായി അസോസിയേഷൻ ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എ. സേതുമാധവൻ, ജനറൽ സെക്രട്ടറി ആർ. ദിൻഷ്, ട്രഷറർ കെ. ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് പി. വിനോദ്, സെക്രട്ടറി പി.കെ. ഷിബു, സംസ്ഥാന കമ്മിറ്റിയംഗം എ.ആർ. സിനു, വയനാട് ജില്ലാ പ്രസിഡന്റ് എ. നിഗേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് വന സംരക്ഷണ ജീവനക്കാർക്കുനേരേ നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ കപട കർഷക സംഘടനയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. കൽപ്പറ്റയിൽ പഴയ ബസ്സ്റ്റാൻഡിന് സമീപം രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ സംസ്ഥാന ഭാരവാഹികളടക്കം ഉപവസിക്കും. വൈകുന്നേരം നാലിന് പ്രധാന ജനവാസ മേഖലകളിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും.