ജില്ലാ പഞ്ചായത്ത് ബജറ്റിൽ വിദ്യാഭ്യാസ, കാർഷിക, കായിക മേഖലയ്ക്ക് ഊന്നൽ
1393694
Sunday, February 18, 2024 5:28 AM IST
കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് ബജറ്റിൽ വിദ്യാഭ്യാസ, കാർഷിക, കായിക മേഖലയ്ക്ക് ഊന്നൽ. മൃഗസംരക്ഷണം, വനിത-യുവജനക്ഷേമം, കായിക മേഖലയുടെ വികസനം, റോഡ്, കുടിവെള്ളം, ശുചിത്വം, ഭവന നിർമാണം തുടങ്ങിയ മേഖലകൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.
68 കോടി രൂപ വരവും 67.6 കോടി രൂപ ചെലവും 37 ലക്ഷം രൂപ നീക്കിയിരിപ്പും കണക്കാക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അവതരിപ്പിച്ചത്. നെൽകൃഷി വികസനത്തിന് "നെൻമണി’ പദ്ധതിയിൽ കൂലിച്ചെലവ് സബ്സിഡിക്ക് രണ്ട് കോടി രൂപ ബജറ്റിൽ വകയിരുത്തി.
പൈതൃക വിത്ത് സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, പ്രാദേശിക കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനു സഹായം എന്നിവയ്ക്ക് 10 ലക്ഷം രൂപ വീതം നീക്കിവച്ചു. കാർഷിക യന്ത്രോപകരണങ്ങൾ, ജലസേചന മോട്ടോറിന്റെ അറ്റകുറ്റപ്പണി എന്നിവയ്ക്ക് 15 ലക്ഷവും ക്ഷീരസാഗരം പദ്ധതിയിൽ സബ്സിഡിക്ക് രണ്ട് കോടിയും ക്ഷീരമിത്രം സഹകരണ സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് ഇനത്തിൽ 30 ലക്ഷവും രൂപ വകയിരുത്തി.
കറവപ്പശു ഇനത്തിൽ 50,000 രൂപ വീതം ആളൊന്നിന് റിവോൾവിംഗ് ഫണ്ട് സംഘം മുഖേന അനുവദിക്കും. ആദ്യഘട്ടത്തിൽ 60 പേർക്ക് സഹായം നൽകും.
വിദ്യാഭ്യാസ മേഖലയിൽ വിജ്ഞാൻജ്യോതി, ഗോത്ര ദീപ്തി, ഉയരെ, അരികെ, പ്രഭാതഭക്ഷണം, അടിസ്ഥാന സൗകര്യം, കംപ്യൂട്ടർ, മാലിന്യ നിർമാർജനം, സ്കൂൾ കെട്ടിടങ്ങളുടെ പുനരുദ്ധാരണം ഉൾപ്പെടെ പദ്ധതികൾക്ക് 11.30 കോടി രൂപ വകയിരുത്തി. വിദ്യാർഥിനികൾക്കുള്ള "ഹൈജിൻ കിറ്റ് ’പദ്ധതിക്ക് 20 ലക്ഷം രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയിൽ വിവിധ പദ്ധതികൾക്ക് രണ്ട് കോടി രൂപ വകയിരുത്തി.
ഭിന്നശേഷികാർക്കുള്ള "ശുഭയാത്ര’ പദ്ധതി-50 ലക്ഷം, പെയിൻ ആൻഡ് പാലിയേറ്റീവ് പദ്ധതി-1.60 കോടി, കെയർ ഗിവർ പദ്ധതി-10 ലക്ഷം, നവജാത ശിശുക്കളിലെ അരിവാൾരോഗ നിർണയം-21 ലക്ഷം, ആയുസ്പർശം ചികിത്സാപദ്ധതി-30 ലക്ഷം എന്നിങ്ങനെ തുക മാറ്റിവച്ചിട്ടുണ്ട്. കായിക മേഖലയിൽ രണ്ട് കോടി രൂപ വകയിരുത്തി.
മുട്ടിൽ, ഈസ്റ്റ് ചീരാൽ, നിരവിൽപുഴ, പടാരിക്കുന്ന്, തുന്പക്കുനി എന്നിവിടങ്ങളിൽ സ്റ്റേഡിയം, വെള്ളമുണ്ട, പൂതാടി എന്നിവിടങ്ങളിൽ കളിസ്ഥലം, വണ്‍ സ്കൂൾ വണ്‍ ഗെയിം, ഫിറ്റ്നെസ് സെന്റർ എന്നിവ ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
പ്രതിഭാപോഷണ പ്രോത്സാഹന ടാലന്റ് ഹണ്ടിന് 10 ലക്ഷം, വെള്ളമുണ്ട മൊതക്കര ഇടത്താവളം പദ്ധതിക്ക് 50 ലക്ഷം, സർക്കാർ സ്കൂളുകളിലെ എസ്പിസി യൂണിറ്റിന് ബാൻഡ്സെറ്റ് നൽകുന്നതിനു 15 ലക്ഷം, ദേശീയ-അന്തർദേശീയ തലങ്ങളിൽ കലാകായിക മത്സരങ്ങളിൽ പട്ടികജാതി-വർഗ വിഭാഗക്കാരായ പ്രതിഭകൾക്ക് പങ്കെടുക്കാൻ സഹായധനം നൽകുന്നതിന് 20 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി.
ജില്ലയെ കാർബണ്‍ തുലിതമാക്കുന്നതിന്റെ ഭാഗമായി കാർബണ്‍ ന്യൂട്രൽ വിദ്യാലയങ്ങൾ, ഹാപ്പിനസ് പാർക്ക്, സൈക്കിൾ ക്ലബ് പദ്ധതികൾക്ക് ഒരു കോടി രൂപ വകയിരുത്തി.
ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയ്ക്കു 2.49 കോടി രൂപയും കുടിവെള്ള പദ്ധതികൾക്ക് 2.24 കോടി രൂപയും നീക്കിവച്ചു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനുള്ള എബിസി പദ്ധതിക്ക് 41 ലക്ഷം രൂപ വകയിരുത്തി. ഭവന നിർമാണത്തിന് വിവിധ പദ്ധതികളിൽ 7.64 കോടി രൂപയും അതിദാരിദ്യ്ര നിർമാർജന പദ്ധതിക്ക് 10 ലക്ഷം രൂപയും മാറ്റിവച്ചു.
വീട്ടമ്മമാർ, കൗമാരക്കാരായ പെണ്‍കുട്ടികൾ എന്നിവർക്ക് വൈദ്യസഹായവും കൗണ്‍സലിംഗും നൽകുന്ന സുമന പദ്ധതിക്ക് 10 ലക്ഷം രൂപയും വനിതകൾക്കായുള്ള രംഗശ്രീ പദ്ധതിക്ക് 10 ലക്ഷം രൂപയും വകയിരുത്തി.
എടവക, മേപ്പാടി, പുൽപ്പള്ളി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, അന്പലവയൽ, നെൻമേനിക്കുന്ന്, പുളിയന്പറ്റ, നെൻമേനി, പാറക്കവല, എടവക കുന്നമംഗലം, അഞ്ചുകുന്ന്, തിരുനെല്ലി, മൊതക്കര എന്നിവിടങ്ങളിൽ ഫിറ്റ്നസ് സെന്റർ ഉൾപ്പെടെ വനിതാമേഖലയിൽ പ്രവർത്തനത്തിന് ആകെ 3.9 കോടി രൂപ വകയിരുത്തി.
വന്യമൃഗശല്യം പരിഹരിക്കുന്നതിന് നബാർഡുമായി ചേർന്ന് നടത്തുന്ന പദ്ധതിയിലേക്ക് 30 ലക്ഷം രൂപ വിഹിതമായി നീക്കിവച്ചു. സോളാർ ഫെൻസിംഗ്, കൽമതിൽ, ക്രാഷ് ഗാർഡ്, നിരീക്ഷണ കാമറകൾ, വനവത്കരണം എന്നിവയ്ക്ക് 150 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി, ഉഷ തന്പി, സീത വിജയൻ, സെക്രട്ടറി എ.കെ. സുനില, ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.