പ്രജീഷിന് നാടിന്റെ അശ്രുപൂജ
1377517
Monday, December 11, 2023 1:15 AM IST
സുൽത്താൻ ബത്തേരി: വാകേരി കൂടല്ലൂരിൽ ശനിയാഴ്ച കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവ കർഷകൻ മരോട്ടിപ്പറന്പിൽ പ്രജീഷിന് നാടിന്റെ അശ്രുപൂജ. താലൂക്ക് ഗവ.ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം വൈകുന്നേരം അഞ്ചോടെ സംസ്കരിച്ചു.
ബന്ധുമിത്രാദികളടക്കം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിലായിരുന്നു സംസ്കരം. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, സിഐടിയു ജില്ലാ സെക്രട്ടറി വി.വി. ബേബി, സിപിഎം പുൽപ്പള്ളി ഏരിയ സെക്രട്ടറി എം.എസ്. സുരേഷ്ബാബു, കർഷക സംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയൻ തുടങ്ങിയവർ പങ്കെടുത്തു.
പോസ്റ്റുമോർട്ടത്തിനുശേഷം ഏറ്റുവാങ്ങിയ മൃതദേഹം ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മുക്കാൽ മണിക്കൂറോളം ഗവ.ആശുപത്രി മോർച്ചറിക്കു മുന്നിൽ പൊതുദർശനത്തിനുവച്ചശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോയത്.