കെഎൽആർ സർട്ടിഫിക്കറ്റ് നിയമ വിരുദ്ധം; സ്പഷ്ടീകരണവുമായി ലാൻഡ് ബോർഡ്
1339853
Monday, October 2, 2023 12:53 AM IST
കൽപ്പറ്റ: ഭൂ വിനിയോഗത്തിന് കെഎൽആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉദ്യോഗസ്ഥ ശാഠ്യം നിയമവിരുദ്ധം. ഭൂവുടമകൾ കെട്ടിടം, വീട് നിർമാണ അനുമതിക്ക് സമീപിക്കുന്പോൾ വയനാട്ടിലെ ചില തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ആവശ്യപ്പെടുന്ന കെഎൽആർ സർട്ടിഫിക്കറ്റിന് കേരള ഭൂപരിഷ്കരണ നിയമത്തിന്റെ പിൻബലം ഇല്ലെന്ന് ലാൻഡ് ബോർഡ് സെക്രട്ടറി കഴിഞ്ഞ മാസം ജില്ലാ കളക്ടർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
വയനാട് കൽപ്പറ്റ സ്വദേശിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേരള ഭൂപരിഷ്കരണ നിയമം, മിച്ച ഭൂമി കേസ് എടുക്കൽ, കെഎൽആർ സർട്ടിഫിക്കറ്റ് എന്നിവയിൽ സ്പഷ്ടീകരണം നൽകി ലാൻഡ് ബോർഡ് സെക്രട്ടറിയുടെ കത്ത്. 1978ൽ ലാൻഡ് ട്രിബ്യൂണലിൽനിന്നു പട്ടയം കിട്ടിയ ഭൂമിയിൽ കെഎൽആർ സർട്ടിഫിക്കറ്റിന്റെ പേരിൽ ഭവന നിർമാണ അനുമതി നിഷേധിക്കുന്നുവെന്നും വസ്തു പണയപ്പെടുത്തി വായ്പയെടുക്കാൻ കഴിയുന്നില്ലന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിവേദനം.
ബിൽഡിംഗ് പ്ലാൻ അംഗീകരിക്കണമെങ്കിൽ കെഎൽആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറി ആവശ്യപ്പെടുന്നുവെന്നും എന്നാൽ റവന്യു അധികാരികൾ ഈ സർട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്നും നിവേദനത്തിൽ വിശദീകരിച്ചിരുന്നു.
ഭൂ വിനിയോഗത്തിന് കെഎൽആർ സർട്ടിഫിക്കറ്റ് ബാധകമാക്കുന്ന നിർദേശമോ ഉത്തരവോ നൽകിട്ടുണ്ടെങ്കിൽ പിൻവലിക്കണമെന്ന് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ കത്തിൽ പറയുന്നു. വയനാട് ഒഴികരെ ജില്ലകളിൽ ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ഇല്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. 1963ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ് കത്ത്.
ഒരു വ്യക്തിയെയും അനിയന്ത്രിതമായി ഭൂമി ആർജിക്കാൻ അനുവദിക്കാതിരിക്കുകയും സീലിംഗ് പരിധിക്ക് താഴെ നിർത്തുകയുമാണ് നിയമത്തിന്റെ ലക്ഷ്യം. 1970 ജനുവരി ഒന്നിനുശേഷം ആരും പരിധിലധികം ഭൂമി കൈവശം വയ്ക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിയമത്തിന്റെ 87-ാം വകുപ്പ്.
1970 ജനുവരി ഒന്നിനുശേഷം ഇഷ്ടദാനമായോ, ക്രയവിക്രയമായോ പിൻതുടർച്ചാവകാശം വഴിയോ മറ്റു കെമാറ്റങ്ങളിലൂടെയോ ഒരു വ്യക്തി ഭൂമി ആർജിക്കുകയും അത് ആ കൈവശക്കാരന്റെ ആകെ ഭൂവിസ്തൃതിയുടെ പരിധിയിൽ അധികമാവുകയും ചെയ്താൽ പരിധിയിലധികമുള്ള ഭൂമി സർക്കാരിൽ നിക്ഷിപ്തമാകും.
ഒരു വ്യക്തിയുടെ ഭൂപരിധി നിർണയിക്കുന്പോൾ ഭൂ പരിഷ്കരണ നിയമത്തിലെ 81(1) വകുപ്പിൽ എ മുതൽ യു വരെ 21 വിഭാഗങ്ങളിൽ പ്രതിപാദിച്ച ഭൂമികളെ ഭൂപരിധിക്കായി കണക്കാക്കുന്നതിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ ഒഴിവാക്കിയ ഭൂമി 81(1) വകുപ്പിൽ പ്രതിപാദിക്കാത്ത മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയാൽ അത്രയും ഭൂമി കൈവശക്കാരന്റെ ഭൂപരിധി നിർണയിക്കുന്നതിൽ ഉൾപ്പെടുത്തണമെന്നാണ് 87-ാം വകുപ്പിൽ പറയുന്നത്. ഭൂമികൾ തരം മാറ്റുന്നതിലൂടെ കൈവശക്കാരന്റെ ഭൂപരിധി അധികരിക്കരുത് എന്നു മാത്രമാണ് 87-ാം വകുപ്പിലെ വ്യവസ്ഥ.
ഇതനുസരിച്ച് വകുപ്പ് 81(1)ൽ പ്രതിപാദിക്കുന്ന ഭൂമിയുടെ വിനിയോഗത്തിന് നിയമത്തിൽ യാതൊരു നിയന്ത്രണവും വ്യവസ്ഥ ചെയ്തിട്ടില്ല. 81-ാം വകുപ്പ് പ്രകാരമുള്ള ഭൂമിയുടെ വിവരങ്ങൾ സൂക്ഷിക്കണമെന്ന് കെഎൽആർ നിയമത്തിലോ ചട്ടങ്ങളിലോ വ്യവസ്ഥയില്ല. വകുപ്പ് 81(1)ൽ പറയന്ന ഭൂമികൾ കൈവശമുള്ള വ്യക്തി തരം മാറ്റിയോ എന്നും അതുവഴി മിച്ചഭൂമി ഉണ്ടായോയെന്നുമാണ് താലൂക്ക് ലാൻഡ് ബോർഡുകൾ പരിശോധിക്കേണ്ടത്.
സിവിൽ കോടതിയുടേതായ നിയമാനുസൃത നടപടികൾ അനുവർത്തിച്ച് താലൂക്ക് ലാൻഡ് ബോർഡ് മിച്ചഭൂമിയായി പ്രഖ്യാപിക്കുന്ന സ്ഥലം ഏറ്റെടുത്താൽ മാത്രമേ ആ ഭൂമിയിൽ സർക്കാരിന് നിയമപരമായ അവകാശം ലഭിക്കൂ.
അപ്പോൾ മാത്രമേ പ്രസ്തുത ഭൂമിയിൽ സ്വകാര്യ വ്യക്തിയുടെ കരം അടവ്, പോക്കുവരവ്, റവന്യു സർട്ടിഫിക്കറ്റുകൾ, പെർമിറ്റുകൾ എന്നിവ വിലക്കാൻ കഴിയൂ. സർക്കാർ ഏറ്റെടുക്കുന്നതുവരെ ഭൂമിയിൽ സ്വകാര്യ വ്യക്തിയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടണം.
വകുപ്പ് 81(1)ൽ ഉൾപ്പെടുന്നതടക്കം കഐൽആർ നിയമത്തിൽ പ്രതിപാദിക്കുന്ന ഏതൊരു ഭൂമിയും 12 മുതൽ 15 ഏക്കർ വരെ നിലവിൽ കൈവശത്തിലും ഉടമസ്ഥതയിലും ഉള്ള കുടുംബങ്ങൾക്ക് ഭൂമി വിനിയോഗിക്കുന്നതിനോ വീട് നിർമിക്കുന്നതിനോ യാതൊരു നിയന്ത്രണവും വ്യവസ്ഥ ചെയ്തിട്ടില്ല.
കൈവശഭൂമി തോട്ടം ഭൂമിയായിരുന്നാലും ആകെ ഭൂമി 15 ഏക്കറിൽ കുറവാണെങ്കിൽ വിനിയോഗിത്തിനു നിയന്ത്രണം കെഎൽആർ നിയമത്തിൽ ഇല്ല. കെഎൽആർ സർട്ടിഫിക്കറ്റ് ഭൂമിയുടെ വിനിയോഗവുമായി ബന്ധപ്പെട്ട് വാങ്ങണമെന്ന നിർദേശം സംസ്ഥാന ലാൻഡ് ബോർഡ് നൽകിയിട്ടില്ല.
ഏതു തരത്തിലുള്ളതാണെങ്കിലും ഒരു കുടുംബത്തിന്റെ കൈവശം ആകെയുള്ളത് 15 ഏക്കർ വരെയാണെങ്കിൽ ഏതു രീതിയിൽ വിനിയോഗിക്കുന്നതിനും ഭവന നിർമാണം നടത്തുന്നതിനും നിയന്ത്രണം കെഎൽആർ നിയമത്തിൽ ഇല്ലെന്നും കെഎൽആർ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കാണിച്ച് ലാൻഡ് റവന്യു കമ്മീഷണർ 2022 ഡിസംബർ 12ന് പഞ്ചായത്ത് ഡയറക്ടർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.
തരംമാറ്റി, തരം മാറ്റാൻ സാധ്യതയുണ്ട് എന്നീ കാരണങ്ങളാൽ ഭൂമിയിൽ കൈവശക്കാരനുള്ള റവന്യു അവകാശങ്ങൾ, വിൽപന, നിർമാണങ്ങൾ തുടങ്ങിയവ വിലക്കാനാകില്ല. കേരള ഭൂപരിഷ്ക്കരണ നിയമത്തിൽ കെഎൽആർ എന്ന സർട്ടിഫിക്കറ്റ് വ്യവസ്ഥ ചെയ്തിട്ടില്ല. നിയമത്തിലില്ലാത്തതുകൊണ്ടുതന്നെ ഈ സർട്ടിഫിക്കറ്റിന് നിയമപരമായ നിലനിൽപില്ല.
അതിനാൽ ഭൂവിനിയോഗത്തിന് ഇങ്ങനെ സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധിക്കാൻ പാടില്ല.ഭൂമി തരം മാറ്റിയാലുള്ള നിയമ പ്രശ്നങ്ങൾ കെഎൽആർ നിയമത്തിലെ 87-ാം വകുപ്പിൽ വ്യക്തവും സുതാര്യവുമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഏതെങ്കിലും കൈവശക്കാരൻ ഭൂമി തരം മാറ്റിയാൽ കേരള ഭൂപരിഷ്കരണ നിയമ പ്രകാരമുള്ള നടപടികൾ താലൂക്ക് ലാൻഡ് ബോർഡുകൾ സ്വീകരിക്കേണ്ടതാണെന്നും ലാൻഡ് ബോർഡ് സെക്രട്ടറിയുടെ കത്തിൽ പറയുന്നു.