പുൽപ്പള്ളി - പെരിക്കല്ലൂർ റോഡ് ഗതാഗത യോഗ്യമാക്കണം: ആം ആദ്മി പാർട്ടി
1339351
Saturday, September 30, 2023 1:04 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ - പുൽപ്പള്ളി റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി മുള്ളൻകൊല്ലി, പുൽപ്പള്ളി കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പെരിക്കല്ലൂർ മുതൽ മുള്ളൻകൊല്ലി വരെ പ്രതിഷേധ വാഹനറാലി നടത്തി. 22 വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്ത ബത്തേരി - പെരിക്കല്ലൂർ റോഡ് നിർമാണത്തിന്റെ മേൻമ കൊണ്ട് ഏറെ കാലം നിലനിന്ന റോഡാണ്.
എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി റോഡ് പൊളിഞ്ഞ് ഗതാഗതം ദുസഹമായ അവസ്ഥയിലാണ്. ഈ റോഡിൽ പല സ്ഥലങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടതിനാൽ ഇരുചക്ര വാഹന ഗതാഗതം അടക്കം വളരെ ദുഷ്കരമാണ്.
ഒരു വർഷം മുൻപ് ആം ആദ്മി പാർട്ടി റോഡ് നന്നാക്കണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്തപ്പോൾ ഉടനെ നന്നാക്കാം എന്ന് അധികൃതർ പറഞ്ഞിരുന്നതാണ്. എന്നാൽ നാളിത് വരെ അതിനുള്ള യാതൊരു നീക്കവും നടത്തിയിട്ടില്ല.
അതിനാൽ അടിയന്തരമായി റോഡ് നന്നാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ആം ആദ്മി പാർട്ടി വീണ്ടും സമര രംഗത്ത് വരുകയാണ്. പ്രതിഷേധ വാഹന റാലി പെരിക്കല്ലൂരിൽ നിന്ന് മണ്ഡലം പ്രിസിഡന്റ് ഇ.വി. തോമസ് ഉദ്ഘാടനം ചെയ്തു.
മുള്ളൻകൊല്ലിയിൽ റോഡിൽ വലിയ കുഴിയിൽ പ്രതീകാത്മകമായി തെങ്ങിൻതൈ നട്ട് പ്രതിഷേധിച്ചു. തുടർന്ന് മുള്ളൻകൊല്ലി ടൗണിൽ റാലിയും പൊതു സമ്മേളനവും നടത്തി. ആം ആദ്മി പാർട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം ബേബി തയ്യിൽ ഉദ്ഘാടനം നിർവഹിച്ചു.
സമ്മേളനത്തിൽ ആം ആദ്മി പാർട്ടി മുള്ളൻകൊല്ലി കമ്മിറ്റി പ്രസിഡന്റ് ലിയോ കൊല്ലവേലിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡോ.എ.ടി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഗഫൂർ കോട്ടത്തറ, കെ.പി. ജേക്കബ്, ഒ.എം. തോമസ്, ഷാജി വണ്ടന്നൂർ, കെ.സി. വർഗീസ്, ആന്റണി പൂത്തോട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അജി കാഞ്ഞിരക്കാട്ട്, തോമസ് മറ്റത്തിൽ, ഉലഹന്നാൻ മേമാട്ട്, തോമസ് വെച്ചുവീട്ടിക്കൽ, സജി പനച്ചത്തേൽ, എ.എം. ചാക്കോ, സാബു ഏബ്രാഹം, കെ.സി. ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി.