വാർഷിക പൊതുയോഗം ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്
1338914
Thursday, September 28, 2023 1:20 AM IST
പുൽപ്പള്ളി: ശശിമല ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം ബഹിഷ്കരിക്കുമെന്ന് യുഡിഎഫ് ഭരണസമിതിയംഗങ്ങൾ പറഞ്ഞു. സംഘത്തിലെ ക്രമക്കേടുകളിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചാണ് പൊതുയോഗം ബഹിഷ്കരിക്കുന്നത്.
പൊതുയോഗ നോട്ടീസിൽ പറയുന്നതനുസരിച്ച് ആദ്യമായി സംഘം ഏഴ് ലക്ഷത്തിലധികം രൂപ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. നോട്ടീസിൽ അവതരിപ്പിച്ചിരിക്കുന്ന കണക്കുകൾ അപൂർണവും വ്യക്തതയില്ലാത്തതുമാണ്.
കഴിഞ്ഞ അഞ്ച് വർഷമായി ഓഡിറ്റ് നടക്കാത്തതുകൊണ്ട് കർഷകർക്ക് ലാഭവിഹിതം വിതരണം ചെയ്യുന്നതിനും അഴിമതിയും കെടുകാര്യസ്ഥതയും പരിഹരിക്കുന്നതിനും സാധിക്കുന്നില്ല.
പർച്ചേസ് കമ്മിറ്റി യോഗം ചേരാതെ പാർട്ടി നേതാവും സെക്രട്ടറിയും ചേർന്നാണ് സംഘത്തിലേക്കാവശ്യമായ സാധന സാമഗ്രികൾ വാങ്ങുന്നത്. സംഘത്തിൽ നിന്നും കയറ്റിവിടുന്നതിൽ ദിവസവും 50 മുതൽ 60 ലിറ്റർ വരെ പാൽ കുറവ് വരുന്നുണ്ട്.
നോട്ടീസിൽ പറഞ്ഞിരിക്കുന്ന പൊതുയോഗ സ്ഥലം കർഷകരെ നിയമാനുസൃതം അറിയിക്കാതെ വീണ്ടും മാറ്റി. കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും സംഘത്തിന് ഉണ്ടാകേണ്ട ലാഭവും നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് പൊതുയോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചതെന്നും അംഗങ്ങൾ പറഞ്ഞു.
പി.എം. ബാബു, ദേവസ്യ പൂത്തോട്ടത്തിൽ, അനൂപ് ഉണ്ണിയാപ്പള്ളി, ആശ മിജു പഴയിടത്ത്, ജിൻസി ബിനോ നന്പ്യാപറന്പിൽ എന്നിവർ പ്രസംഗിച്ചു.